ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം ശരിവെച്ച് സുപ്രീം കോടതിയുടെ സുപ്രധാന വിധി. 2004ലെ നിയമം അസാധുവാക്കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
മദ്രസകളുടെ അടിസ്‌ഥാന ലക്ഷ്യം വിദ്യാഭ്യാസമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്. മദ്രസകളിലെ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പാക്കാൻ സർക്കാരിന് ഇടപെടാമെന്നും കോടതി വ്യക്‌തമാക്കി. യുപിയിൽ കാൽലക്ഷത്തോളം മദ്രസകൾ ഉണ്ടെങ്കിലും 16,000 മദ്രസകൾക്കാണ് മദ്രസ വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ളത്.
സ്വതന്ത്രമായ മതവിശ്വാസവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പിന് എതിരാണ് മദ്രസ നിയമമെന്ന് ഹൈക്കോടതി വിലയിരുത്തിയത് തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ കാര്യത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ളത് പരമാധികാരം അല്ലെന്നും ഇക്കാര്യത്തിൽ സർക്കാരുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താമെന്നും കോടതി വിധിയിൽ നിരീക്ഷിച്ചു.
വിദ്യാഭ്യാസ നിലവാരം നിയന്ത്രിക്കുകയും പരീക്ഷ നടത്തുകയും സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യുന്ന നിയന്ത്രണ സ്വഭാവം യുപിയിലെ മദ്രസ നിയമത്തിനുണ്ട്. ഒപ്പം, അത് ന്യൂനപക്ഷ താൽപര്യം സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് കോടതി വിലയിരുത്തി.
കഴിഞ്ഞ മാർച്ചിലാണ് യുപിയിലെ മദ്രസ വിദ്യാഭ്യാസ ബോർഡ് നിയമം അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് റദ്ദാക്കിയത്. ഭരണഘടനാവിരുദ്ധമാണെന്നും മതനിരപേക്ഷതയ്‌ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. കൂടാതെ, മദ്രസ വിദ്യാർഥികളെ ഔപചാരിക സ്‌കൂൾ സംവിധാനത്തിലേക്ക് ചേർക്കാനും ഉത്തരവിട്ടിരുന്നു.
നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി എഎസ് റാത്തോഡ് നൽകിയ ഹരജിയിലായിരുന്നു നടപടി. ഇതിനെതിരായ ഹരജികൾ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌തുകൊണ്ടാണ് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ മദ്രസകൾ അടച്ചുപൂട്ടാനും സർക്കാർ സഹായം നൽകുന്നത് അവസാനിപ്പിക്കാനും സർക്കുലർ അയച്ച ബാലാവകാശ കമ്മീഷനെതിരെ ബെഞ്ച് കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
കുട്ടികൾക്ക് മതപഠനം പാടില്ലെന്നാണോ നിലപാടെന്നും മറ്റു മതവിഭാഗങ്ങൾക്ക് വിലക്ക് ബാധകമാണോയെന്നും സുപ്രീം കോടതി ചോദിച്ചു. മദ്രസകളുടെ കാര്യത്തിൽ മാത്രം എന്തിനാണ് ആശങ്കയെന്നും സന്യാസി മഠങ്ങളിൽ കുട്ടികളെ അയക്കുന്നതിൽ നിർദ്ദേശമുണ്ടോയെന്നും ബാലാവകാശ കമ്മീഷനെയും ഉത്തർപ്രദേശ് സർക്കാരിനെയും നിശിതമായി വിമർശിച്ചുകൊണ്ട് കോടതി ചോദിച്ചിരുന്നു.
മദ്രസകളിൽ നിന്ന് വിദ്യാർഥികളെ സർക്കാർ സ്‌കൂളുകളിലേക്ക് മാറ്റണം എന്നതടക്കമുള്ള ഉത്തരവുകൾ യുപി സർക്കാർ പുറപ്പെടുവിച്ചിരുന്നു. അങ്ങനെ നിർബന്ധം പിടിക്കാനാവില്ല. മതപഠനം ഭരണഘടന അനുവദിച്ചിട്ടുള്ളതാണ്. മതേതരത്വം എന്നത് ജീവിക്കുക എന്നതാണ്. വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും ഉരുക്കുമൂശയാണ് നമ്മുടെ രാജ്യം. സംരക്ഷിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്‌റ്റിസ് പറഞ്ഞിരുന്നു.
മദ്രസകളിലെ വിദ്യാഭാസ രീതി കുട്ടികളുടെ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്നാണ് ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്. സംസ്‌ഥാന ഫണ്ട് നൽകുന്ന മദ്രസകളും മദ്രസ ബോർഡുകളും പൂട്ടണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഈ നിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!