തിരുവനന്തപുരം: വിസ്‌മയ കേസിൽ അന്വേഷണം നേരിടുന്ന കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിട്ട് ഉത്തരവിറക്കി. കഴിഞ്ഞ മാസം 6ആം തീയതിയാണ് അസിസ്‌റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറായ കിരൺ കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടത്. ഇത് സംബന്ധിച്ച ഉത്തരവാണ് ഇന്ന് പുറത്തിറങ്ങിയത്.
സർവീസിൽ നിന്നും പിരിച്ചു വിടാതിരിക്കാൻ 15 ദിവസത്തിനകം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വിശദീകരണം തൃപ്‌തികരമല്ലാത്തതിനെ തുടർന്നാണ് ഇപ്പോൾ ഉത്തരവിറക്കിയത്. ഇതോടെ കിരൺ കുമാറിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കുകയോ, പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയോ ചെയ്യില്ല.
അതേസമയം ഉത്തരവിനെതിരെ സുപ്രീം കോടതി വരെ പോകാനുള്ള അവകാശം കിരണിനുണ്ട്. എന്നാൽ എല്ലാ നിയമനടപടികളും സ്വീകരിച്ചതിന് ശേഷമാണ് കിരണിനെ സർവീസിൽ നിന്നും പിരിച്ചു വിട്ടതെന്ന് മന്ത്രി ആന്റണി രാജു നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ ജൂൺ 21ആം തീയതിയാണ് കൊല്ലം ജില്ലയിലെ പോരുവഴിയിലെ ഭർതൃ വീട്ടിൽ വിസ്‌മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നാണ് ഗാർഹിക പീഡനത്തിനും, സ്‌ത്രീധന പീഡനത്തിനും ഭർത്താവ് കിരൺ കുമാറിനെതിരെ കേസെടുത്ത് അറസ്‌റ്റ് ചെയ്‌തത്.
Read also: മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ഉടൻ വാക്‌സിൻ നൽകണം; സുപ്രീം കോടതി






































