ഇടുക്കി: തൊടുപുഴ മങ്ങാട്ടുകവലയിൽ അതിഥി തൊഴിലാളിയ്ക്ക് നേരെ ആക്രമണം. ഭക്ഷണം പാഴ്സൽ നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. മങ്ങാട്ടുകവലയിലെ മുബാറക് ഹോട്ടലിൽ ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കാനെത്തിയ തൊടുപുഴ സ്വദേശികൾ ഹോട്ടലിലെ തൊഴിലാളിയായ അസം സ്വദേശി നൂർ ഷെഹീലിനെയാണ് മർദ്ദിച്ചത്.
മൂന്ന് പേരാണ് അക്രമിസംഘത്തിൽ ഉണ്ടായിരുന്നത്. ആക്രമണത്തിൽ ഷെഹീലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഹോട്ടൽ ഉടമ പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആദ്യം സർക്കാർ ആശുപത്രിയിലാണ് ഷെഹീലിനെ അഡ്മിറ്റ് ചെയ്തത്. പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസ് ചാർജ് ചെയ്തിരുന്നു. എന്നാൽ, അക്രമികളിൽ ഒരാൾ ആശുപത്രിയിൽ എത്തി വധഭീഷണി മുഴക്കിയതിനെ തുടർന്ന് കേസ് പിൻവലിക്കുകയായിരുന്നു എന്ന് ഹോട്ടൽ ഉടമ വ്യക്തമാക്കി.
ഷെഹീലിന്റെ പുറത്ത് കുത്തിപരിക്കേൽപിച്ചതിന്റെ പാടുകളുണ്ട്. ചെവിക്ക് പുറകിലും പൊട്ടലുണ്ട്. ഇയാൾ ഇപ്പോൾ മുതലക്കുളം ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ല. അതിനാൽ വീണ്ടും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും മുബാറക് ഹോട്ടൽ ഉടമ പ്രതികരിച്ചു.
Also Read: സ്കൂൾ തുറക്കൽ; കുട്ടികളുടെ എണ്ണം കുറച്ച് ക്ളാസുകൾ ക്രമീകരിക്കും