തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിലപാട് കടുപ്പിച്ച് ഡോക്‌ടർമാര്‍. സംസ്‌ഥാനത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ ഇന്ന് രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്‌കരിക്കും. കെജിഎംസിടിഎയുടെ നേതൃത്വത്തിലാണ് ഇന്നും സമരം സംഘടിപ്പിക്കുന്നത്. ഒപി ബഹിഷ്‌കരിക്കുന്നതിനൊപ്പം തന്നെ എല്ലാ മെഡിക്കല്‍ കോളേജുകളിലെയും ഓണ്‍ലൈന്‍ ക്ളാസുകള്‍ അടക്കം നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ നടത്തി വന്ന റിലേ നിരാഹാര സത്യാഗ്രഹം ഇന്ന് അവസാനിക്കും. അതിന് മുന്നോടിയായാണ് പ്രതിഷേധം കൂടുതല്‍ ശക്‌തമാക്കാന്‍ ജീവനക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് നടക്കുന്ന സമരത്തിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ ഒപി ബഹിഷ്‌കരണം അനിശ്ചിത കാലത്തേക്ക് നീട്ടി കൊണ്ട് പോകാനാണ് തീരുമാനം.
ആരോഗ്യപ്രവര്‍ത്തകരുടെ പ്രത്യേക അവധി റദ്ദാക്കിയതിലുള്ള പ്രതിഷേധവും സംസ്‌ഥാനത്ത് ശക്‌തമാകുകയാണ്. നഴ്സുമാരുടെ സംഘടനയായ കെജിഎന്‍എ ഇക്കാര്യത്തില്‍ ഇന്നലെ തുടങ്ങിയ അനിശ്ചിതകാല സത്യാഗ്രഹ സമരവും തുടരുന്നുണ്ട്. എന്നാല്‍ സമരം അവസാനിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ആദ്യ ചര്‍ച്ചക്ക് ശേഷം പിന്നീട് മുന്‍കൈയെടുത്തിട്ടില്ല.
Read also : കോവിഡ് വ്യാപനം; ബാങ്കിങ് മേഖലയും പ്രതിസന്ധിയില്‍