തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ ചോദ്യം ചെയ്യാന്‍ നിയമോപദേശം ലഭിച്ചതായി കസ്‌റ്റംസ്. അസിസ്‌റ്റന്റ് സോളിസിറ്റര്‍ ജനറലാണ് നിയമോപദേശം നല്‍കിയത്. സ്‌പീക്കറെ ചോദ്യം ചെയ്യാന്‍ നിയമതടസ്സങ്ങള്‍ ഇല്ലെന്നാണ് നിയമോപദേശം.
ഇന്നലെ രാത്രിയോടെയാണ് കസ്‌റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന് നിയമോപദേശം ലഭിച്ചത്. വിവിധ സുപ്രിം കോടതി, ഹൈക്കോടതി വിധികള്‍ ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം. ഏതെങ്കിലും തരത്തില്‍ അറസ്‌റ്റ് നടന്നാലേ സഭയെ അറിയിക്കേണ്ടതുള്ളു എന്നും കസ്‌റ്റംസ് ആക്‌ട് പ്രകാരം സ്‌പീക്കറെ ചോദ്യം ചെയ്യാന്‍ കഴിയുമെന്നും നിയമോപദേശത്തില്‍ വ്യക്‌തമാക്കുന്നു.
അതേസമയം സഭയോടുള്ള ബഹുമാന സൂചകമായി നിയമസഭാ വേളയില്‍ സ്‌പീക്കറെ ചോദ്യം ചെയ്യില്ലെന്നാണ് തീരുമാനം.
കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും നല്‍കിയ മൊഴികളുടെ അടിസ്‌ഥാനത്തില്‍ തുടരന്വേഷണത്തിനാണ് സ്‌പീക്കറെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസം സ്‌പീക്കറുടെ അസിസ്‍റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ കസ്‌റ്റംസിന് മുന്നില്‍ ഹാജരായിരുന്നു. നാലാം തവണ കസ്‌റ്റംസ് നോട്ടിസ് നല്‍കിയ ശേഷമാണ് അയ്യപ്പന്‍ ഹാജരായത്.
Read Also: ഭരിക്കാൻ അനുവദിക്കുന്നില്ല; കിരൺ ബേദിക്കെതിരെ പുതുച്ചേരി മുഖ്യമന്ത്രി; കുത്തിയിരുപ്പ് സമരം തുടരുന്നു