ന്യൂഡെൽഹി : കോവിഡ് വാക്സിൻ സ്വീകരിച്ചതിന് ശേഷം ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന നിർദ്ദേശവുമായി കേന്ദ്രസർക്കാർ. സർട്ടിഫിക്കറ്റിൽ വ്യക്തിഗത വിവരങ്ങൾ ഉൾക്കൊള്ളുന്നതിനാലാണ് ഇത്തരം പ്രവണത ഒഴിവാക്കണമെന്ന് സർക്കാർ വ്യക്തമാക്കിയത്. വാക്സിൻ സ്വീകരിച്ച ശേഷം ലഭിച്ച സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സർക്കാർ നിർദ്ദേശം നൽകിയത്.
സൈബർ സുരക്ഷ ബോധവൽകരണ ട്വിറ്റർ ഹാൻഡിലായ സൈബർ ദോസ്ത് അക്കൗണ്ടിലൂടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാക്സിനേഷൻ സർട്ടിഫിക്കറ്റ് സമൂഹ മാദ്ധ്യമങ്ങളിൽ അപ്ലോഡ് ചെയ്യരുതെന്ന് വ്യക്തമാക്കിയത്. വാക്സിൻ സ്വീകരിച്ച വ്യക്തിയുടെ വിവരങ്ങൾ സർട്ടിഫിക്കറ്റിൽ ഉൾക്കൊള്ളുന്നതിനാൽ അവ സൈബർ തട്ടിപ്പ് സംഘങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും, അതിനാലാണ് ഇത്തരം പ്രവണത ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയതെന്നും കേന്ദ്രം അറിയിച്ചു.
വാക്സിന് സ്വീകരിച്ച തീയതി, സമയം, സ്വീകരിച്ച ആളുടെ പേര്, സ്വീകരിച്ച സെന്റര്‍, രണ്ടാം ഡോസ് സ്വീകരിക്കേണ്ട തീയതി എന്നിവക്കൊപ്പം ആധാര്‍ കാര്‍ഡിന്റെ അവസാന നാല് അക്കങ്ങളും സര്‍ട്ടിഫിക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവും. കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ശേഷം ലഭിക്കുന്നത് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റാണ്. തുടർന്ന് രണ്ടാം ഡോസും സ്വീകരിച്ചതിന് ശേഷമാണ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.
Read also : പ്രതിഷേധങ്ങൾ വകവെക്കാതെ പ്രഫുൽ പട്ടേൽ; കടുത്ത നിയന്ത്രണങ്ങൾ വീണ്ടും







































