മലപ്പുറം: സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യമാണെന്നും, സാമ്പത്തിക നിബന്ധനകൾ വെച്ചല്ല വിവാഹമെന്ന പവിത്രമായ സമ്പ്രദായം നടത്തേണ്ടതെന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. സ്ത്രീകളോട് മാന്യമായും, ബഹുമാനത്തോടെയും പെരുമാറാൻ സമൂഹം ശീലിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രൊഫഷണൽ വിദ്യാർഥികളുടെ കോൺഫറൻസായ ‘പ്രൊഫ്സമ്മിറ്റ്’ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ആറു മാസം മുതൽ ആറു വയസുവരെയുള്ള കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതും, സ്ത്രീധന മരണങ്ങൾ വർധിക്കുന്നതും, ക്വട്ടേഷൻ സംഘങ്ങൾ പെരുകുന്നതുമെല്ലാം സമൂഹത്തിന്റെ ധാർമിക ശോഷണത്തിന്റെ സൂചനകളാണ്.
സമൂഹത്തിന്റെ ധാർമിക വൽകരണമാണ് ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം. മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ഒരു തലമുറയുടെ സൃഷ്ടിപ്പിന് മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയൂ. പുതിയ തലമുറയെ നേരിന്റെയും, നൻമയുടെയും പാതയിൽ വഴി നടത്താനുള്ള പരിശ്രമങ്ങൾ നിരന്തരം നടക്കണമെന്നും കാന്തപുരം പറഞ്ഞു.
കോവിഡ് പാശ്ചാത്തലത്തിൽ ‘പ്രൊഫ്സമ്മിറ്റ്‘ ഓണ്ലൈനിലായാണ് നടത്തുന്നത്. എസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് കെവൈ നിസാമുദ്ധീന്‍ ഫാളിലി അധ്യക്ഷത വഹിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സിഎന്‍ ജഅഫര്‍ സാദിഖ്, ഹാമിദലി സഖാഫി പാലാഴി, സിഎം സാബിര്‍ സഖാഫി എന്നിവര്‍ സംസാരിച്ചു.
രാജ്യത്തെ വിവിധ പ്രൊഫഷണല്‍ കാമ്പസുകളില്‍ നിന്നായി അയ്യായിരത്തോളം വിദ്യാർഥികൾ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ‘പ്രൊഫ്സമ്മിറ്റ്‘ അറ്റൻഡ് ചെയ്യും. മതം, രാഷ്ട്രീയം, സാമൂഹികം, പഠനം, കരിയര്‍, കല തുടങ്ങി വിവിധ സെഷനുകള്‍ക്ക് പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും നേതൃത്വം നല്‍കും.
Most Read: രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്; കൊല്ലപ്പെട്ട ആറു വയസുകാരിയുടെ അച്ഛൻ








































