ലഖ്‌നൗ: യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മൽസരിക്കാനിരുന്ന മുന്‍ പോലീസ് ഉദ്യോഗസ്‌ഥനെ നാടകീയമായി അറസ്‌റ്റ് ചെയ്‌ത് യുപി പൊലീസ്. മുന്‍ ഐപിഎസ് ഓഫീസറായ അമിതാഭ് താക്കൂറിനെയാണ് ആത്‍മഹത്യാ പ്രേരണ കേസിൽ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. പുതിയ രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ഉള്ളിൽത്തന്നെ അറസ്‌റ്റ് നടന്നു എന്നതാണ് ശ്രദ്ധേയം.
ആഗസ്‌റ്റ് 16ന് സുപ്രീം കോടതി ഗേറ്റിന് മുന്നില്‍ സുഹൃത്തിനൊപ്പം ആത്‍മഹത്യാ ശ്രമം നടത്തുകയും പിന്നീട് ആശുപത്രിയില്‍വെച്ച് മരിക്കുകയും ചെയ്‌ത 24കാരിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് താക്കൂറിനെ യുപി പൊലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. അമിതാഭിനെതിരെ പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്. ആത്‍മഹത്യ ചെയ്യുന്നതിന് തൊട്ട് മുമ്പുള്ള വീഡിയോയില്‍ അമിതാഭ് താക്കുര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ യുവതി ആരോപണം ഉന്നയിച്ചിരുന്നു എന്നും പോലീസ് പറയുന്നു.
2015ല്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് ഫോണിലൂടെ തന്നെ ഭീഷണിപ്പെടുത്തിയെന്ന് അമിതാഭ് താക്കൂര്‍ പരാതിപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. പിന്നീട് 2016ല്‍ കോടതി ഇടപെട്ട് സസ്‌പെന്‍ഷന്‍ റദ്ദ് ചെയ്യുകയും സര്‍വീസില്‍ നിന്ന് പുറത്തുനിന്ന സമയത്തെ മുഴുവന്‍ ശമ്പളവും അമിതാഭിന് നല്‍കാന്‍ ഉത്തരവ് ഇടുകയും ചെയ്‌തിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം അമിതാഭ് നിര്‍ബന്ധിത വിരമിക്കലിന് വിധേയനായിരുന്നു. പൊതുതാൽപര്യം മാനിച്ച് നടപടി എടുത്തുവെന്നാണ് ഇക്കാര്യത്തിൽ കേന്ദ്രം വിശദീകരണം നൽകിയത്.
തുടർന്നാണ് യോഗി ആദിത്യനാഥിനെതിരെ മൽസരിക്കുമെന്ന് വ്യക്‌തമാക്കി അമിതാഭ് താക്കൂർ രംഗത്ത് വന്നത്. അതേസമയം, ജനാധിപത്യ വിരുദ്ധമായാണ് യോഗി സര്‍ക്കാര്‍ താക്കൂറിനെ അറസ്‌റ്റ് ചെയ്‌തതെന്ന് അദ്ദേഹത്തിന്റെ ഭാര്യ നൂതന്‍ ആരോപിച്ചു.
Read also: നെഹ്‌റുവിനേയും ഒഴിവാക്കി ഐസിഎച്ച്ആര്‍; പകരം സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനി








































