തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തിവരുന്ന സമരം ശക്തമായ പശ്ചാത്തലത്തിൽ ചർച്ചക്ക് തയ്യാറായി സർക്കാർ. സ്കൂൾ ഉടമകളുടെ 14 ദിവസത്തെ കടുത്ത സമരത്തിന് ശേഷമാണ് ചർച്ചക്ക് തയ്യാറാണെന്ന് സർക്കാർ അറിയിച്ചത്. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറാണ് എല്ലാ സംഘടനകളുടെയും ഭാരവാഹികളുമായി ചർച്ച നടത്തുക.
നാളെ വൈകിട്ട് മൂന്നുമണിക്കാണ് ചർച്ച. ഈ മാസം 23ന് സിഐടിയുവുമായി ചർച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് മാറ്റിയാണ് നാളേക്ക് ചർച്ച വെച്ചത്. മന്ത്രി ചർച്ച നടത്തുമെന്ന ഉറപ്പിലാണ് നേരത്തെ സമരത്തിൽ നിന്ന് സിഐടിയു പിന്നോട്ട് പോയത്. എന്നാൽ, ഈ ഉറപ്പിൽ വിശ്വാസമർപ്പിക്കാത്ത മറ്റു സംഘടനകൾ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.
പുതിയ പരിഷ്ക്കരണം പൂർണമായും പിൻവലിക്കണമെന്നാണ് ഐഎൻടിയുസിയുടെയും സ്വതന്ത്ര സംഘടനകളുടെയും നിലപാട്. ഇക്കാര്യം നാളെ മന്ത്രിക്ക് മുന്നിൽ ഉന്നയിക്കും. എന്നാൽ, നിലവിലെ പരിഷ്ക്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ നിൽക്കുന്ന ഗണേഷ് കുമാർ ഇക്കാര്യത്തിൽ എന്ത് സമീപനം സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്. പുറത്തിറക്കിയ നിർദ്ദേശങ്ങളിൽ ചിലത് പിൻവലിക്കാൻ സാധ്യത ഉണ്ടെന്നാണ് വിവരം.
നിർദ്ദേശങ്ങൾ പിൻവലിക്കാൻ ഗതാഗതമന്ത്രിക്ക് എൽഡിഎഫിൽ നിന്ന് സമ്മർദ്ദമുണ്ട്. ഇതോടെയാണ് ചർച്ചയാകാമെന്ന നിലപാടിലേക്ക് മന്ത്രി എത്തിയത്. അതിനിടെ, ഇന്ന് പല സ്ഥലങ്ങളിലും പോലീസ് കാവലിൽ ടെസ്റ്റുകൾ നടന്നു. തിരുവനന്തപുരം മുട്ടത്തറയിലെ സമരപ്പന്തൽ പൊളിച്ചുമാറ്റി. എങ്കിലും സമരക്കാർ സ്ഥലത്ത് തുടരുകയാണ്.
Most Read| രാജ്യത്ത് എൽടിടിഇ സംഘടനയുടെ നിരോധനം അഞ്ചു വർഷത്തേക്ക് കൂടി നീട്ടി