തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കരണങ്ങളിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂർ, മുക്കം, കാസർഗോഡ് എന്നിവിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. കോഴിക്കോട് മുക്കത്ത് ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ കോലം കത്തിച്ചു. ഡ്രൈവിങ് സ്കൂൾ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് മന്ത്രിയുടെ കോലം കത്തിച്ചത്.
ഇനി മുതൽ ഒരു ദിവസം 50 പേരെ മാത്രം ഡ്രൈവിങ് ടെസ്റ്റ് നടത്തിയാൽ മതിയെന്ന മന്ത്രിയുടെ നിർദ്ദേശമാണ് പ്രതിഷേധത്തിന് കാരണം. ഈ നിർദ്ദേശം മന്ത്രി നൽകിയത് മുതൽ ഉദ്യോഗസ്ഥർക്ക് അടക്കം ആശയക്കുഴപ്പം ഉണ്ടായിരുന്നു. മുന്നറിയിപ്പ് ഇല്ലാതെ ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം വെട്ടിക്കുറച്ചതിലാണ് പ്രതിഷേധം ഉയരുന്നത്.
മേയ് ഒന്ന് മുതൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നിലവിൽ വരുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. സാധാരണ നിലയിൽ 100 മുതൽ 180 വരെയുള്ള ആളുകൾക്ക് ദിവസത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താറുണ്ട്. ഇത് 50 ആയി ചുരുങ്ങുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങളാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്.
Most Read| മൂന്നുവയസിന് മുൻപേ അന്തർദേശീയ അവാർഡുകൾ കരസ്ഥമാക്കി അഹദ് അയാൻ







































