തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിനെതിരെ സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇരട്ട ക്ളച്ച് സംവിധാനം തുടരും. ഡ്രൈവിങ് ടെസ്റ്റിന്റെ 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ അനുവദിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു.
നിലവിലെ മാതൃകയിൽ ആദ്യം ഗ്രൗണ്ട് ടെസ്റ്റും തുടർന്ന് റോഡ് ടെസ്റ്റും നടത്തും. ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ഡ്രൈവിങ് സ്കൂൾ ഉടമകൾ അംഗീകരിച്ചു. ടെസ്റ്റ് നടത്തുന്ന വാഹനത്തിൽ മോട്ടോർവാഹന വകുപ്പ് ക്യാമറ വാങ്ങി ഘടിപ്പിക്കും. ഇതിലെ ദൃശ്യങ്ങൾ ആറുമാസം വരെ ആർടി ഓഫീസിലെ കമ്പ്യൂട്ടറിൽ സൂക്ഷിക്കും.
ഡ്രൈവിങ് ടെസ്റ്റിന് ഈടാക്കുന്ന ഫീസ് ഏകീകരിക്കാൻ സമിതിയെ നിയോഗിക്കും. കെഎസ്ആർടിസി പത്ത് കേന്ദ്രങ്ങളിൽ ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. സിഐടിയു ഉൾപ്പടെ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകൾ ചർച്ചയിൽ പങ്കെടുത്തു. 15 ദിവസമായി സംഘടനകൾ സമരത്തിലായിരുന്നു. നിലവിലെ പരിഷ്ക്കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നിലപാടെടുത്തിരുന്ന മന്ത്രി സമരം ശക്തമായതോടെയാണ് സംഘടനകളെ ചർച്ചക്ക് വിളിച്ചത്.
Most Read| ന്യൂസ് ക്ളിക്ക് കേസ്; പ്രബീർ പുരകായസ്തയുടെ അറസ്റ്റ് റദ്ദാക്കി സുപ്രീം കോടതി