ബംഗളൂരു: മലയാളികളായ അനൂപ് മുഹമ്മദും രാജേഷ് രവീന്ദ്രനും നിയാസും ഉള്‍പ്പെട്ട കര്‍ണ്ണാടകത്തിലെ മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് കൊടുത്തിരിക്കുന്നത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നല്‍കിയ സമന്‍സ് ബിനീഷിന് ഇ-മെയില്‍ വഴി ലഭ്യമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വരെ ബിനീഷ് കോടിയേരിയുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഓഗസ്റ്റ് 1-നും 19-നുമിടയില്‍ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും പലതവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ കോള്‍ വിശദാംശങ്ങളും പരസ്യമായിരുന്നു.
മയക്കുമരുന്ന് കേസ്: ബോളിവുഡ് നടി റിയ ചക്രബര്‍ത്തി അറസ്റ്റിൽ
കേസന്വേഷണ തുടക്കത്തില്‍ തന്നെ ബിനീഷ് പലതവണ അനൂപ് മുഹമ്മദുമായി ടെലഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. അന്ന് മുതല്‍ ബിനീഷ് കോടിയേരി സംശയ നിഴലിലാണ്. തനിക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നത് ബിനീഷാണെന്ന് കേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നതായി സൂചനയുണ്ട്. ബംഗളൂരു ആസ്ഥാനമായി ബിനീഷ് കോടിയേരി തുടങ്ങിയ ബി കാപ്പിറ്റല്‍ ഫിനാന്‍സ് എന്ന സ്ഥാപനം വഴി നല്‍കിയ പണം ഉപയോഗിച്ചാണ് അനൂപ് മുഹമ്മദ് ഹോട്ടല്‍ തുടങ്ങിയതെന്നും ഈ ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്നും അന്വേഷണസംഘം പറയുന്നു.
കന്നട നടി രാഗിണി ദ്വിവേദി, പ്രശസ്ത നടി സഞ്ജന ഗല്‍റാണി ഉള്‍പ്പെടെ എട്ടോളം പേര്‍ ഇപ്പോള്‍ അറസ്റ്റിലാണ്. കേസന്വേഷണം അടുത്ത ഘട്ടം കേരളത്തിലേക്കും നീങ്ങുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയെ കൊച്ചി ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇന്നലെ നോട്ടിസ് നല്‍കിയിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച 2 സ്ഥാപനങ്ങളെ സംബന്ധിച്ചാണ് അന്വേഷണം ഉണ്ടാകുക. 9 മണിക്ക് ഹാജരാകാനാണ് നിര്‍ദ്ദേശം.
മയക്കുമരുന്ന് കേസ്: പ്രശസ്ത നടി സഞ്ജന ഗല്‍റാണി കസ്റ്റഡിയില്‍