മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ അപകീർത്തികരമായ പ്രസ്‌താവന നടത്തിയതിന് എൻസിപി നേതാവ് നവാബ് മാലിക്കിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് ബിജെപി നേതാവ് മോഹിത് കാംബോജ്. ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായ ഋഷഭ് സച്ച്‌ദേവിനും ലഹരിപ്പാർട്ടിയുമായി ബന്ധമുണ്ടെന്നായിരുന്നു നവാബ് മാലിക്കിന്റെ പ്രസ്‌താവന. ഇതിനെതിരെ നൂറുകോടിയുടെ മാനനഷ്‌ട കേസ് കൊടുക്കുമെന്നാണ് മോഹിത് കാംബോജ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
എൻസിബി മുംബൈ യൂണിറ്റ് സോണൽ ഡയറക്‌ടർ സമീർ വാങ്കെടെയും ബിജെപി നേതാക്കളും തമ്മിൽ ബന്ധമുണ്ടെന്ന് കഴിഞ്ഞദിവസം മാലിക് ആരോപിച്ചിരുന്നു. ‘എൻസിബി ഉദ്യോഗസ്‌ഥരും ബിജെപി നേതാക്കളും തമ്മിൽ ചില ചർച്ചകൾ നടന്നിട്ടുണ്ടാകുമെന്നാണ് ഞങ്ങൾ കരുതുന്നത്. കപ്പലിലെ റെയ്‌ഡിന് ശേഷം പത്തോളം പേരെ കസ്‌റ്റഡിയിൽ എടുത്തുവെന്നാണ് വാങ്കെഡെ പറഞ്ഞത്. എന്നാൽ, 11 പേരെ കസ്‌റ്റഡിയിൽ എടുത്തു എന്നതാണ് വാസ്‌തവം. മോഹിത് കാംബോജിന്റെ അടുത്ത ബന്ധുവായ ഋഷഭ് സച്ച്‌ദേവ, പ്രതീക് ഗാബ, ആമിർ എന്നിവരെ പിന്നീട് വിട്ടയക്കുകയായിരുന്നു’; മാലിക് ആരോപിച്ചു.
എന്നാൽ, നവാബ് മാലിക് അദ്ദേഹത്തിന്റെ അധികാരം മറ്റുള്ളവരുടെ കുടുംബത്തെ അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കുന്നുവെന്ന് മോഹിത് കാംബോജ് പ്രതികരിച്ചു. ഇത്തരം ആളുകളെ മന്ത്രിസ്‌ഥാനത്ത് നിന്ന് പുറത്താക്കണം. തന്റെ ബന്ധുവായ ഋഷഭിന് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് എൻസിബിക്ക് വ്യക്‌തമായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഒക്‌ടോബർ രണ്ട് രാത്രിയിലാണ് ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ ഉൾപ്പെടുന്ന സംഘത്തെ എൻസിബി കസ്‌റ്റഡിയിൽ എടുത്തത്. 18 അറസ്‌റ്റാണ് കേസിൽ ഇതുവരെ നടന്നത്.
Also Read: അസമിലെ രണ്ട് ജയിലുകളിൽ എച്ച്ഐവി രോഗബാധ പടരുന്നു