ലുസെയ്ൻ: സ്വിറ്റ്‌സർലൻഡിലെ ലുസെയ്‌നിൽ നടക്കുന്ന ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സിൽ ജാവലിൻ ത്രോയിൽ രണ്ടാം സ്‌ഥാനവുമായി ഇന്ത്യയുടെ ഗോൾഡൻ ബോയ് നീരജ് ചോപ്ര. ഇന്ത്യയുടെ വിജയപ്രതീക്ഷകളുടെ ഭാരം പേറിയ ജാവലിനുമായി കളിക്കളത്തിൽ ഇറങ്ങിയ നീരജ്, അവസാന ശ്രമത്തിൽ ഈ സീസണിലെ തന്നെ തന്റെ മികച്ച ദൂരമായ 89.49 മീറ്റർ ദൂരം കണ്ടെത്തിയാണ് രണ്ടാം സ്‌ഥാനം സ്വന്തമാക്കിയത്.
പാരിസ് ഒളിമ്പിക്‌സിൽ വെള്ളി സമ്മാനിച്ച 89.45 മീറ്റർ മെച്ചപ്പെടുത്തിയാണ് ലുസെയ്‌നിൽ നീരജ് രണ്ടാമനായത്. 90.61 മീറ്റർ ദൂരം കണ്ടെത്തിയ ഗ്രനാഡ താരം ആൻഡേഴ്‌സൻ പീറ്റേഴ്‌സ് മീറ്റ് റെക്കോർഡോടെ ഒന്നാം സ്‌ഥാനം നേടി. ജർമൻ താരം ജൂലിയൻ വെബർ 87.08 മീറ്ററോടെ മൂന്നാം സ്‌ഥാനത്തെത്തി. പാരിസിൽ സ്വർണം നേടിയ പാകിസ്‌ഥാൻ താരം അർഷാദ് നദീം, വെള്ളി നേടിയ നീരജ് ചോപ്ര എന്നിവർക്ക് പിന്നിൽ മൂന്നാമനായിരുന്നു ഇവിടെ ഒന്നാം സ്‌ഥാനം നേടിയ ആൻഡേഴ്‌സണ്.
അർഷാദ് നദീം ഇവിടെ മൽസരിച്ചിരുന്നില്ല. പാരിസ് ഒളിമ്പിക്‌സിലെ വെള്ളി മെഡൽ നേട്ടത്തിന് ശേഷമുള്ള നീരജ് ചോപ്രയുടെ ആദ്യ മൽസരമായിരുന്നു ഇത്. തുടക്കം മുതൽ താളം കണ്ടെത്താൻ വിഷമിച്ച നീരജ്, അവസാന രണ്ടു റൗണ്ടുകളിലാണ് 85 മീറ്റർ തന്നെ പിന്നിട്ടത്. നാലാം സ്‌ഥാനത്ത് ആയിരുന്ന നീരജ് അഞ്ചാം ശ്രമത്തിലാണ് ആദ്യമായി 85 മീറ്റർ കടന്നത്. ഇതോടെ, 85.58 മീറ്റർ ദൂരത്തോടെ മൂന്നാം സ്‌ഥാനത്തേക്ക് കയറി.
ഒടുവിൽ അവസാന ശ്രമത്തിൽ സീസണിലെ മികച്ച പ്രകടനമെന്ന ഖ്യാതിയോടെ 89.49 മീറ്ററുമായി രണ്ടാം സ്‌ഥാനത്തേക്ക് കുതിച്ചുയർന്നു. ജാവലിൻ ത്രോയിലെ ഡയമണ്ട് ലീഗ് ചാംപ്യൻപട്ടം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ എത്തിയ നീരജ്, സീസണിലെ മികച്ച പ്രകടനത്തോടെ ഫൈനലിന് യോഗ്യത നേടി. അടുത്ത മാസം 14ന് നടക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലെ ജേതാവാണ് ചാംപ്യനാവുക.
2022 സീസണിൽ ഡയമണ്ട് ലീഗ് ചാംപ്യനായിരുന്ന നീരാക്കി കഴിഞ്ഞ വർഷം രണ്ടാം സ്‌ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. സീസണിലെ ഡയമണ്ട് ലീഗ് മീറ്റുകളിൽ മികച്ച പ്രകടനം നടത്തുന്ന ആറുപേർ മാത്രമാണ് ഡയമണ്ട് ലീഗ് സീസണിലെ കലാശപ്പോരാട്ടമായ ഫൈനലിൽ മൽസരിക്കുക. ഡയമണ്ട് ലീഗ് ചാംപ്യന് ലോക അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിലേക്ക് വൈൽഡ് കാർഡ് എൻട്രി ലഭിക്കും.
Most Read| കൊൽക്കത്ത കേസ് അസ്വാഭാവികമോ? സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി