കോഴിക്കോട്: എലത്തൂരിൽ വെച്ച് ഓടുന്ന ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചെന്ന് മഹാരാഷ്‌ട്ര എടിഎസ്. ഷാറൂഖ് സെയ്‌ഫിയെ മഹാരാഷ്‌ട്ര എടിഎസ് സംഘം കേരള പൊലീസിന് കൈമാറി. പ്രതിയുമായി പോലീസ് സംഘം ഉടൻ റോഡ് മാർഗം കേരളത്തിലേക്ക് തിരിക്കുമെന്നാണ് വിവരം.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ സംയുക്‌ത ഓപ്പറേഷനിലാണ് പ്രതി വലയിലായതെന്നും രത്‌നഗിരി റെയിൽവെ സ്‌റ്റേഷനിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നും മഹാരാഷ്‌ട്ര എടിഎസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ആശുപത്രിയിൽ ചികിൽസ തേടിയ ശേഷമാണ് പ്രതി റെയിൽവേ സ്‌റ്റേഷനിലേക്ക് എത്തിയത്. പിടിയിലാവുമ്പോൾ മോട്ടോറോള കമ്പനിയുടെ ഫോൺ, ആധാർ കാർഡ്, പാൻകാർഡ്, ബാങ്ക് എടിഎം കാർഡ് എന്നിവ പ്രതിയുടെ കൈയിൽ ഉണ്ടായിരുന്നുവെന്നും മഹാരാഷ്‌ട്ര എടിഎസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം, ഷാറൂഖ് സെയ്‌ഫിയുമായി ബന്ധമുള്ളവർ പോലീസ് ചോദ്യം ചെയ്യുകയാണ്. ഡെൽഹി പോലീസ് സ്‌പെഷ്യൽ സെല്ലാണ് ചോദ്യം ചെയ്യുന്നത്. കേരള പോലീസ് സംഘവും ഒപ്പമുണ്ട്. ഡെൽഹി പോലീസ് പ്രതിയുടെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്. അതേസമയം, ഷാരൂഖിനെ ആരോ കൂട്ടികൊണ്ടു പോയതാണെന്നും മകൻ ഇങ്ങനെ ചെയ്‌തെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും ഷാരൂഖിന്റെ പിതാവ് പ്രതികരിച്ചു.
പ്രതിയായ ഷാറൂഖ് സെയ്‌ഫിനെ മഹാരാഷ്‌ട്രയിൽ നിന്നാണ് കേരള പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. തലയ്‌ക്കും മുഖത്തും കൈയിലും പരിക്കേറ്റ പ്രതി രത്‌നഗിരിയിലെ ആശുപത്രിയിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കവെയാണ് പിടിയിലായത്. കേന്ദ്ര ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ മുംബൈ എടിഎസ് ആണ് ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്. എലത്തൂരിലേ ആക്രമണത്തിന് ശേഷം ട്രെയിനിലും മറ്റു വാഹനങ്ങളിലും കയറിയാണ് ഇയാൾ മഹാരാഷ്‌ട്രയിൽ എത്തിയതെന്നാണ് നിഗമനം.
Most Read: മീഡിയാ വൺ ചാനൽ; സംപ്രേഷണ വിലക്ക് നീക്കി സുപ്രീം കോടതി