ന്യൂഡെൽഹി: അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കടുത്ത നടപടികളിലേക്ക് കടന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്‌ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് സോണിയ രാജി ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്‌ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി പുനഃസംഘടന സുഗമമാക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു.
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവടക്കമുള്ളവര്‍ക്ക് ഇതോടെ സ്‌ഥാനം നഷ്‌ടമാകും. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്‌ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം നിലനിന്നിരുന്ന ഏക സംസ്‌ഥാനമായ പഞ്ചാബില്‍ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയിരുന്നത്. പിസിസി അധ്യക്ഷന്‍ സിദ്ദുവും മുഖ്യമന്ത്രി ആയിരുന്ന ചരണ്‍ജിത് സിങ് ചന്നി അടക്കമുള്ളവരും തോല്‍ക്കുകയുണ്ടായി.
അതിനിടെ യുപിയിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തോൽവി ചർച്ച ചെയ്യുന്നതിന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യോഗം ചേർന്നു. ഡെൽഹിയിലെ ഗുരുദ്വാര രകബ്ഗഞ്ച് റോഡിലുള്ള പാർട്ടിയുടെ വാർ റൂമിലാണ് യോഗം ചേരുന്നത്. പാർട്ടിയുടെ ഉന്നത സംസ്‌ഥാന നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
Most Read: സ്‌കൂളുകളിൽ പോണിടെയിൽ കെട്ടുന്നതിന് വിലക്ക്; വിചിത്ര നടപടിയുമായി ജപ്പാൻ