ന്യൂയോർക്ക്: ടെസ്ല മേധാവിയും ലോക ധനികനുമായ ഇലോൺ മസ്ക് ട്വിറ്റർ ഡയറക്ടർ ബോർഡിൽ അംഗമാകുമെന്ന് കഴിഞ്ഞയാഴ്ച ട്വിറ്ററിന്റെ സിഇഒ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരാഴ്ചക്കിപ്പുറം, മസ്ക് ട്വിറ്റർ ബോർഡിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ വ്യക്തമാക്കി. പക്ഷെ, അദ്ദേഹം കമ്പനി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്നും പരാഗ് അഗർവാൾ പറയുന്നു.
“ഇലോൺ ഞങ്ങളുടെ ഏറ്റവും വലിയ ഷെയർഹോൾഡറാണ്, അദ്ദേഹത്തിന്റെ നിക്ഷേപങ്ങൾക്ക് ഞങ്ങൾ വാതിൽ തുറന്നിടും,” അഗർവാൾ തന്റെ ഏറ്റവും പുതിയ ട്വീറ്റിൽ കുറിച്ചു.
“ഞങ്ങളുടെ ബോർഡിൽ ചേരേണ്ടെന്ന് ഇലോൺ മസ്ക് തീരുമാനിച്ചു. എന്താണ് സംഭവിച്ചതെന്ന് ഇവിടെ പങ്കുവെക്കാം. ഇലോൺ ബോർഡിൽ ചേരുന്നതിനെ കുറിച്ച് ഞാനും ബോർഡും തമ്മിൽ ചർച്ചകൾ നടത്തി, ഇലോണുമായി നേരിട്ടും സംസാരിച്ചു. പരസ്പരം സഹകരിച്ചും വെല്ലുവിളികൾ മനസിലാക്കിയും മുന്നോട്ട് പോകുന്നതിൽ ഞങ്ങൾക്ക് അതീവ സന്തോഷം ഉണ്ടായിരുന്നു. എല്ലാ ബോർഡ് അംഗങ്ങളെയും പോലെ, കമ്പനിയുടെയും ഞങ്ങളുടെ എല്ലാ ഷെയർഹോൾഡർമാരുടെയും മികച്ച താൽപ്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കേണ്ട കമ്പനിയുടെ വിശ്വസ്തനായി ഇലോണിനുള്ളത് ഏറ്റവും മികച്ച പാതയാണെന്ന് ഞങ്ങൾ വിശ്വസിച്ചു. ബോർഡ് അദ്ദേഹത്തിന് സീറ്റ് വാഗ്ദാനം ചെയ്തു, ”അഗർവാൾ തന്റെ ഏറ്റവും പുതിയ ട്വീറ്റിൽ കുറിച്ചു.
“ബോർഡിലേക്കുള്ള ഇലോണിന്റെ നിയമനം ഏപ്രിൽ ഒൻപതിന് ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമായിരുന്നു, എന്നാൽ ബോർഡിൽ ചേരില്ലെന്ന് ഇലോൺ അന്നു രാവിലെ അറിയിച്ചു. ഇത് ഏറ്റവും മികച്ച തീരുമാനമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ ഷെയർഹോൾഡർമാർ ഞങ്ങളുടെ ബോർഡിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരിൽ നിന്നുള്ള സംഭാവന ഞങ്ങൾക്കുണ്ട്, എപ്പോഴും അതിനെ വിലമതിക്കുന്നു. ഇലോൺ ഞങ്ങളുടെ ഏറ്റവും വലിയ ഷെയർഹോൾഡറാണ്, അദ്ദേഹത്തിന്റെ നിക്ഷേപങ്ങൾക്ക് ഞങ്ങൾ വാതിൽ തുറന്നിടും, ”അഗർവാൾ പറഞ്ഞു.
Most Read: ജെഎൻയു സംഘർഷം; എബിവിപി പ്രവർത്തകർക്ക് എതിരെ കേസെടുത്തു








































