ന്യൂഡെല്‍ഹി: പിറന്നാൾ ദിനത്തിൽ നടന്ന റെക്കോര്‍ഡ് വാക്‌സിനേഷന്‍ ഒരിക്കലും മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ സംബന്ധിച്ചിടത്തോളം വൈകാരിക നിമിഷമാണ് ഇതെന്നും മോദി പറഞ്ഞു. കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ 71ആം ജൻമദിനത്തിൽ 2.5 കോടി എന്ന റെക്കോര്‍ഡ് വാക്‌സിനേഷന്‍ നിരക്കാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.
“നിങ്ങളുടെ പരിശ്രമത്തിലൂടെ, ഇന്ത്യ ഒരു ദിവസം 2.5 കോടിയിലധികം വാക്‌സിനുകള്‍ നല്‍കി ലോക റെക്കോര്‍ഡ് സൃഷ്‌ടിച്ചു, ഈ നേട്ടം ഏറ്റവും ശക്‌തരായ രാജ്യങ്ങള്‍ക്ക് പോലും നേടാനായില്ല”- ആരോഗ്യ പ്രവര്‍ത്തകരോട് സംസാരിക്കവെ മോദി പറഞ്ഞു.
എന്നാൽ ഇക്കാര്യം ആഘോഷമാക്കുന്ന കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. ഇന്ത്യയേക്കാള്‍ അഞ്ച് മടങ്ങ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ചൈനയെ കേന്ദ്രസര്‍ക്കാര്‍ റഫര്‍ ചെയ്യണമെന്നായിരുന്നു കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിയുടെ പ്രതികരണം.
പ്രധാനമന്ത്രിയുടെ പിറന്നാൾ ‘ആഘോഷമാക്കിയ’ ഇന്ത്യന്‍ മാദ്ധ്യമങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ബിവി ശ്രീനിവാസും ഇന്നലെ രംഗത്ത് വന്നിരുന്നു. പ്രധാന മന്ത്രിയുടെ പിറന്നാൾ ദിനത്തിൽ രാജ്യത്തെ തൊഴിലില്ലായ്‌മ ചൂണ്ടിക്കാട്ടി ഒരു മില്യണിലധികം ട്വീറ്റുകള്‍ വന്നിട്ടുണ്ടെന്നും യഥാർഥ മാദ്ധ്യമ പ്രവര്‍ത്തനം ഇപ്പോഴും ജീവനോടെ ഉണ്ടെങ്കില്‍ ഇത്തരം വസ്‌തുതകള്‍ റിപ്പോര്‍ട് ചെയ്യാൻ ശ്രമിക്കണമെന്നും ശ്രീനിവാസ് പറഞ്ഞിരുന്നു.
Read also: ഭരണപരിചയം പോര; മന്ത്രിമാർക്ക് തിങ്കളാഴ്‌ച മുതൽ ക്ളാസുകൾ








































