തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രനെ ഡിസംബർ 10ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യും. വ്യാഴാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് രവീന്ദ്രന് ഇഡി നോട്ടീസ് നൽകി.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെയും ഇദ്ദേഹത്തെ ചോദ്യം ചെയ്യാനായി ഇഡി വിളിപ്പിച്ചിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചതിന് പിന്നാലെ രവീന്ദ്രന് കോവിഡ് സ്‌ഥിരീകരിച്ചതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കോവിഡിന് ശേഷമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ കോവിഡ് ഭേദമായ ശേഷവും രവീന്ദ്രനെ ചോദ്യം ചെയ്യാനായില്ല.
ശിവശങ്കറിനൊപ്പം പല ഇടപാടുകളിലും രവീന്ദ്രനും പങ്കാളിയാണെന്നാണ് ഇഡി കരുതുന്നത്. ശിവശങ്കറെ കാണാനായി സ്വപ്‍ന സെക്രട്ടറിയേറ്റിൽ എത്തിയപ്പോൾ പലതവണ രവീന്ദ്രനെയും കണ്ടിരുന്നുവെന്നും സ്വപ്‌ന സംഘടിപ്പിച്ച ആഘോഷ പാർട്ടികളിൽ രവീന്ദ്രൻ പങ്കെടുത്തിരുന്നുവെന്നും ഇഡി പറയുന്നു.
സിഎം രവീന്ദ്രന്റെ സ്വത്ത് സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് സംസ്‌ഥാന രജിസ്‌ട്രേഷൻ വകുപ്പിന് ഇഡി കത്ത് നൽകിയിട്ടുണ്ട്. രവീന്ദ്രന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുവകകളുടെ വിശദമായ വിവരങ്ങൾ എല്ലാ രജിസ്‌ട്രേഷൻ ഓഫീസുകളിലും പരിശോധന നടത്തി അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആവശ്യമെങ്കിൽ ഇഡി നേരിട്ട് ഇത് സംബന്ധിച്ച പരിശോധനകൾ നടത്തുമെന്നും സൂചനകളുണ്ട്.
Read also:ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം; യുഎൻ സുരക്ഷാ സമിതിയിലെ സ്‌ഥിരാംഗങ്ങളെ പിന്തള്ളി സൗദി ഒന്നാമത്








































