ന്യൂഡെൽഹി: റഷ്യ ആക്രമണം തുടരുന്ന യുക്രൈനിൽ നിന്ന് അടിയന്തര സഹായം ആവശ്യപ്പെടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ വീഡിയോ ട്വിറ്ററിൽ പങ്കുവച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. വീഡിയോയിൽ, ബെംഗളൂരു സ്വദേശികളായ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ തങ്ങളെ എത്രയും വേഗം ഒഴിപ്പിക്കാൻ ഇന്ത്യൻ സർക്കാരിനോടും യുക്രൈനിലെ ഇന്ത്യൻ എംബസിയോടും അഭ്യർഥിക്കുന്നത് കാണാം.
“ഇന്ത്യൻ വിദ്യാർഥികളുടെ ബങ്കറുകളുടെ ദൃശ്യങ്ങൾ അസ്വസ്‌ഥത ഉളവാക്കുന്നതാണ്. നിരവധി വിദ്യാർഥികൾ കിഴക്കൻ യുക്രൈനിൽ കുടുങ്ങിക്കിടക്കുകയാണ്, ഇവിടെ കനത്ത ആക്രമണമാണ് നടക്കുന്നത്. അടിയന്തരമായി ഒഴിപ്പിക്കൽ നടപ്പാക്കാൻ ഞാൻ വീണ്ടും കേന്ദ്ര സർക്കാരിനോട് അഭ്യർഥിക്കുന്നു,”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
ഭക്ഷണമോ വെള്ളമോ ശരിയായ വായുസഞ്ചാരമോ പോലുമില്ലാതെ ബങ്കറിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ളവരുണ്ടെന്ന് ബങ്കറിൽ കഴിയുന്ന ബെംഗളൂരുവിൽ നിന്നുള്ള വിദ്യാർഥിനി മേഘ്‌ന പറഞ്ഞു. “ഞങ്ങൾക്ക് സഹായം വേണം. ആരും ഒരു ചുവടുവെപ്പ് നടത്തുന്നത് ഞങ്ങൾക്ക് കാണാൻ കഴിയില്ല, ഉന്നത ഉദ്യോഗസ്‌ഥരെ കാണാൻ കഴിയില്ല,”- തങ്ങളെ രക്ഷിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്നതിന് ഇടയിൽ മേഘ്‌ന പറഞ്ഞു.
“ഞങ്ങൾക്കായി പ്രത്യേക വിമാനങ്ങളൊന്നും അനുവദിച്ചിട്ടില്ല. ഒരു സഹായവും വരുന്നതായി ഞങ്ങൾ കാണുന്നില്ല. ഞങ്ങൾ ഈ ബങ്കറിൽ താമസിക്കുന്നു, ഇത് വളരെ ബുദ്ധിമുട്ടാണ്. സഹായം അയക്കാൻ ഞങ്ങൾ നിങ്ങളോട് അഭ്യർഥിക്കുന്നു,”- രാഹുൽ ഗാന്ധി പങ്കുവച്ച വീഡിയോയിൽ വിദ്യാർഥികൾ പറഞ്ഞു. “15,000ത്തിലധികം വിദ്യാർഥികൾ ഈ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ദയവായി ഞങ്ങളെ ഒഴിപ്പിക്കുക,” ബെംഗളൂരു സ്വദേശിയായ മറ്റൊരു വിദ്യാർഥിനി രക്ഷ പറഞ്ഞു.
Visuals of Indian students in bunkers are disturbing. Many are stuck in eastern Ukraine which is under heavy attack.
My thoughts are with their worried family members. Again, I appeal to GOI to execute urgent evacuation. pic.twitter.com/alem9nYNgr
— Rahul Gandhi (@RahulGandhi) February 26, 2022
Most Read: കർണാടക തിരഞ്ഞെടുപ്പ്; ഭരണമുറപ്പിക്കാൻ കോൺഗ്രസ്, ബിജെപിക്കെതിരെ നീക്കങ്ങൾ തുടങ്ങി