കോഴിക്കോട്: സെന്റ് ഓഫ് ആഘോഷങ്ങൾക്കിടെ വിദ്യാർഥികൾ ക്യാമ്പസിനകത്ത് അപകടകരമായി വാഹനം ഓടിച്ച സംഭവത്തിൽ നടപടിയുമായി കോഴിക്കോട് ആർടിഒ. സംഭവത്തിൽ സ്‌കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്‌ചയാണ് ഉണ്ടായതെന്ന് കോഴിക്കോട് ആർടിഒ പിആർ സുമേഷ് പറഞ്ഞു. അതിരുവിട്ട ആഘോഷം സ്‌കൂൾ മൈതാനത്ത് നടന്നിട്ടും അധികൃതർ ഇടപെട്ടില്ല. തലനാരിഴയ്‌ക്കാണ് വൻ അപകടം ഒഴിവായതെന്നും ആർടിഒ പറഞ്ഞു.
മലബാർ ക്രിസ്‌ത്യൻ കോളേജ് ഹയർ സെക്കണ്ടറി സ്‌കൂളിലും മുക്കം കല്ലൻതോട് എംഇഎസ് കോളേജിലെയും ഇന്നലെ നടന്ന ആഘോഷ പരിപാടികളാണ് അതിരുകടന്നത്. ക്രിസ്‌ത്യൻ കോളേജ് ഗ്രൗണ്ടിൽ കാറുകളും ബൈക്കുകളും അമിത വേഗത്തിൽ ഓടിക്കുന്നതിനിടെ അപകടവും നടന്നിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. അമിത വേഗത്തിൽ വന്ന കാറിടിച്ച് ബൈക്കിനെ തട്ടിത്തെറിപ്പിച്ചിരുന്നു.
ബൈക്കിൽ ഉണ്ടായിരുന്ന വിദ്യാർഥികൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മുക്കം കള്ളൻതോട് എംഇഎസ് കോളേജിൽ ജെസിബി അടക്കമുള്ള വാഹനങ്ങളിൽ ആയിരുന്നു വിദ്യാർഥികളുടെ ആഘോഷം. സംഭവത്തിൽ പത്ത് വിദ്യാർഥികൾക്കെതിരെ മോട്ടോർവാഹന വകുപ്പ് കേസെടുത്തിരുന്നു. ജെസിബി അടക്കമുള്ള ഒമ്പത് വാഹനങ്ങളും കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
അതേസമയം, കേസിൽ ഉൾപ്പെട്ട വിദ്യാർഥികളുടെയും ജെസിബി ഡ്രൈവറുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്‌ത് പിഴ ഈടാക്കും. പരിശോധനകളും നടപടികളും ഇനിയും തുടരുമെന്നും ആർടിഒ അറിയിച്ചു. വിദ്യാഭ്യാസ സ്‌ഥാപനത്തിന് അകത്ത് ഇത്തരം അതിരുവിട്ട ആഘോഷ പരിപാടികൾ നിയന്ത്രിക്കാൻ അധികൃതർ ഇനിയെങ്കിലും കർശനമായി ഇടപെടണമെന്നും കോഴിക്കോട് ആർടിഒ പറഞ്ഞു.
Most Read: സിൽവർ ലൈൻ; കല്ലിടൽ ഇന്നും തുടരും; വ്യാപക പ്രതിഷേധത്തിന് സാധ്യത