തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കെതിരെ സംസ്‌ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധം ഇന്നും തുടരും. എറണാകുളം ചോറ്റാനിക്കര, പിറവം മേഖലകളിലും, കോട്ടയം പാറമ്പുഴ, കോഴിക്കോട് കല്ലായി എന്നിവിടങ്ങളിലും കല്ലിടൽ ഇന്നും തുടരും. ചോറ്റാനിക്കരയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രതിഷേധം ശക്‌തമാണ്. ഇവിടെ കോൺഗ്രസ് പന്തൽകെട്ടി സമരം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കെ റെയിലിന് അനുകൂലമായി ഡിവൈഎഫ്ഐ ഇന്ന് ചോറ്റാനിക്കരയിൽ ജനസഭയും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ പശ്‌ചാത്തലത്തിൽ ചോറ്റാനിക്കരയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. ഇവിടെ കൂടുതൽ പോലീസ് സേനയെ ഇന്നും വിന്യസിക്കുമെന്നാണ് വിവരം. കല്ലിടാനുള്ള ശ്രമം മൂന്ന് ദിവസമായി തടസപ്പെട്ട കോട്ടയം പാറമ്പുഴയിൽ നിലവിലെ സാഹചര്യത്തിൽ കൂടുതൽ പോലീസിനെ എത്തിച്ച് കല്ലിടാനാണ് നീക്കം.
തിരുവഞ്ചൂർ രാധാകൃഷ്‍ണൻ എംഎൽഎയടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് കോട്ടയത്ത് സമരം പുരോഗമിക്കുന്നത്. രണ്ട് ദിവസമായി കല്ലിടൽ നിർത്തിവെച്ച കോഴിക്കോട് വെസ്‌റ്റ് കല്ലായി-കുണ്ടുങ്ങൽ ഭാഗത്ത് ഇന്ന് കല്ലിടൽ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം, പ്രതിഷേധം ശക്‌തമായ മലപ്പുറം ജില്ലയിൽ ഇന്ന് സർവേ നടപടി ഉണ്ടാവില്ല. ഇന്നലെ എറണാകുളത്തും കോട്ടയത്തും സർവേ നടപടികൾ തടസപ്പെട്ടിരുന്നു.
പിറവത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്‌ഥരെ പ്രതിഷേധക്കാർ തടഞ്ഞുവെച്ചിരുന്നു. അതിനിടെ, സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് കല്ല് നാട്ടി സർവേ നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. സർവേ ആൻഡ് ബൗൺട്രസ് ആക്‌ട് പ്രകാരം വരാനിരിക്കുന്ന പദ്ധതിക്ക് കല്ലിടാനാവില്ല. അതിനാൽ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയിലുണ്ട്. സ്‌ഥലം ഉടമകൾ ഉൾപ്പെടെയുള്ളവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
Most Read: പൊതു പണിമുടക്ക്; 28ന് രാവിലെ ആറ് മണിമുതൽ 30ന് രാവിലെ ആറുവരെ