പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയ കേസിൽ പ്രതിയായ കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. കോഴിക്കോട് മേപ്പയ്യൂരിലെ കുട്ടോത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യയെ അഗളി പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രി 11 മണിയോടെയാണ് വിദ്യയെ പാലക്കാട് എത്തിച്ചത്. മഹാരാജാസിന്റെയല്ല, ഒരു കോളേജിന്റെ പേരിലും വ്യാജരേഖ ഉണ്ടാക്കിയില്ലെന്നാണ് ചോദ്യം ചെയ്യലിൽ വിദ്യ ആവർത്തിക്കുന്നത്.
വിദ്യയെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം രാവിലെ 11 മണിയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളേജിലും പഠിപ്പിക്കാൻ അവസരം ലഭിച്ചതെന്നും, ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നും വിദ്യ അന്വേഷണ സംഘത്തോട് പറഞ്ഞു. ആരോപണത്തിന് പിന്നിൽ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയിൽ ഉള്ളവരാണ്. കടുത്ത മാനസിക സമ്മർദ്ദത്തിലാണ് താനും കുടുംബവുമെന്നും വിദ്യ പോലീസിന് മൊഴി നൽകി.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽപ്പോയ വിദ്യയെ 16ആം ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. പാലക്കാട് അഗളി പോലീസും കാസർഗോഡ് നീലേശ്വരം പോലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യഹരജികൾ കോടതി പരിഗണിക്കുന്നത് മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പോലീസ് പിടികൂടിയിരിക്കുന്നത്.
Most Read: പ്രതിദിന പനി ബാധിതരുടെ എണ്ണം 13,000 കടന്നു; കൂട്ടായ പ്രവർത്തനം ആവശ്യമെന്ന് ആരോഗ്യമന്ത്രി