കാസർഗോഡ്: കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസിൽ വിദ്യയെ നീലേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തു. വിദ്യയെ ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കും. പോലീസ് കസ്‌റ്റഡി അപേക്ഷ നൽകില്ലെന്നാണ് വിവരം. കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് വിദ്യയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തിനകം ഹാജരാകാൻ ആവശ്യപ്പെട്ട് വിദ്യക്ക് നീലേശ്വരം പോലീസ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, തിങ്കളാഴ്‌ച വൈകിട്ട് അഞ്ചുവരെ ഹാജരാകാനാകില്ലെന്ന് വിദ്യ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. തുടർന്ന് ഇന്ന് ഹാജരായ വിദ്യയെ കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
സർട്ടിഫിക്കറ്റ് നിർമിച്ചത് ഫോണിലൂടെ ആണെന്നും ആ ഫോൺ തകരാർ സംഭവിച്ചു ഉപേക്ഷിച്ചുവെന്നും വിദ്യ നീലേശ്വരം പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ആരുടേയും സഹായമില്ലാതെ ഒറിജിനൽ നശിപ്പിച്ചുവെന്നും വിദ്യ പോലീസിനോട് സമ്മതിച്ചു. മഹാരാജാസ് കോളേജിന്റെ പേരിലുള്ള വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ കരിന്തളം ഗവ. കോളേജിലും സമർപ്പിച്ചിരിക്കുന്നത്.
Most Read: കേരളത്തെ കൊള്ളയടിക്കുന്ന മുഖ്യമന്ത്രിയുടെ ഇടപാടുകളിൽ അന്വേഷണം വേണം; കെ സുധാകരൻ