കാസർഗോഡ്: കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസിലെ പ്രതിയായ വിദ്യ ഇന്ന് കാസർഗോഡ് ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാകും. കേസിൽ കെ വിദ്യക്ക് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. നീലേശ്വരം പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് വിദ്യക്ക് കഴിഞ്ഞ ദിവസം ഹൊസ്‌ദുർഗ് ഒന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
അതിനിടെ, വ്യാജരേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാനാണെന്നാണ് വിദ്യ പോലീസിന് മൊഴി നൽകിയത്. കരിന്തളം കോളേജിൽ നിയമനത്തിന് അർഹത ഉണ്ടായിരുന്നത് മാതമംഗലം സ്വദേശിയായ കെ രസിതക്ക് ആണെന്നാണ് വിദ്യയുടെ മൊഴി. വിദ്യയും ലസിതയും മൂന്ന് വർഷമായി സുഹൃത്തുക്കളാണ്. കാലടി സംസ്‌കൃത സർവകലാശാലയിൽ വിദ്യയുടെ സീനിയറായിരുന്നു രസിത. 2021ൽ ഉദുമ കോളേജിൽ ഇരുവരും അഭിമുഖത്തിന് എത്തിയത് ഒരുമിച്ചാണ്.
എന്നാൽ, വിദ്യയേക്കാൾ യോഗ്യതയുള്ള രസിതക്ക് നിയമനം കിട്ടി. 2022ൽ കരിന്തളത്ത് രസിതയും അഭിമുഖത്തിന് എത്തുമെന്ന് വിദ്യ മുൻകൂട്ടി അറിഞ്ഞു. ഇവിടെ ഒന്നാമത് എത്താനാണ് വ്യാജരേഖ ചമച്ചതെന്നാണ് വിദ്യയുടെ മൊഴി. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈൽ ഫോണിൽ ആരുടെയും സഹായമില്ലാതെ ആണെന്നും ഒറിജിനൽ നശിപ്പിച്ചുവെന്നും വിദ്യ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
അതേസമയം, വിദ്യക്കെതിരായ അന്വേഷണത്തിൽ കാലടി സർവകലാശാലക്ക് മെല്ലെപ്പോക്കെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. വിദ്യയുടെ പിഎച്ച്ഡി പ്രവേശനമടക്കം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മിറ്റി ഒരൊറ്റ തവണ മാത്രമാണ് യോഗം ചേർന്നത്. കമ്മിറ്റിയുടെ മെല്ലെപ്പോക്കിൽ സർവകലാശാലയിലെ അധ്യാപകർക്കടക്കം പ്രതിഷേധമുണ്ട്.
Most Read: സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് നീക്കിയ നടപടി മരവിപ്പിച്ചു ഗവർണർ