കൊച്ചി: വ്യാജരേഖ ചമയ്ക്കൽ കേസിലെ ആരോപണവിധേയയായ എസ്എഫ്ഐ നേതാവായ കെ വിദ്യയെ കണ്ടെത്താനാകാതെ പോലീസ്. ഒളിയിടം കണ്ടെത്താൻ സൈബർ പോലീസിന്റെ സഹായം തേടി. അന്വേഷണത്തിൽ ഒത്തുകളി ഉണ്ടെന്ന ആക്ഷേപം ശക്തമാണ്. ഇന്നലെ വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ, വ്യാജരേഖയുടെ യഥാർഥ പകർപ്പ് കണ്ടെത്താൻ സാധിച്ചിട്ടില്ല.
വിദ്യ എവിടെയാണ് ഒളിവിൽ കഴിയുന്നതെന്നും പോലീസിന് ഇതുവരെ കൃത്യമായ സൂചനയുമില്ല. വിദ്യയുടെ അടുത്ത സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരിൽ ചിലർ പോലീസിന്റെ നിരീക്ഷണത്തിലാണ്. വിദ്യ ഇവരിൽ ആരെങ്കിലുമായി ബന്ധപ്പെടുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അതിനിടെ, അട്ടപ്പാടി അഗളി കോളേജിലെ പ്രിൻസിപ്പലിന്റെ മൊഴി അന്വേഷണ സംഘം നാളെ രേഖപ്പെടുത്തും.
മഹാരാജാസ് കോളേജിൽ അഗളി ഡിവൈഎസ്പി നേരിട്ടെത്തി പ്രിൻസിപ്പലിൽ നിന്ന് വിവരങ്ങൾ തേടും. അതിനിടെ കെ വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി കെഎസ്യു രംഗത്തെത്തി. സംവരണ തത്വങ്ങളും മാനദണ്ഡങ്ങളും അട്ടിമറിച്ചാണ് കാലടി സർവകലാശാലയിൽ വിദ്യ എംഫിൽ ചെയ്തത്. സർവകലാശാല മുൻ വിസി ധർമ്മരാജ് അടാട്ടാണ് വഴിവിട്ട നീക്കങ്ങൾക്ക് പിന്നിലെന്നും കെഎസ്യു ആരോപിച്ചു.
Most Read: സ്പോൺസർഷിപ്പ് ആദ്യമായാണോ നടക്കുന്നത്? വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി







































