ന്യൂയോർക്ക്: ലോകകേരള സഭയുടെ മേഖലാ സമ്മേളനത്തിന് ന്യൂയോർക്കിൽ തുടക്കം. അമേരിക്കൻ മേഖലാ സമ്മേളനത്തെ സർക്കാർ പ്രാധാന്യത്തോടെ കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തന്റെ ചുറ്റും നിൽക്കുന്നവർ എത്രലക്ഷം ചിലവാക്കിയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ലോകകേരള സഭ ന്യൂയോർക്ക് മേഖലാ സമ്മേളനം ഉൽഘാടനത്തിനിടെയാണ് സമ്മേളനത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മുഖ്യമന്ത്രി ശക്‌തമായി പ്രതികരിച്ചത്.
‘സമ്മേളനത്തിൽ എന്ത് സ്വജനപക്ഷപാതമാണ് ഉണ്ടായതെന്നും സ്‌പോൺസർഷിപ്പ് ആദ്യമായാണോ നടക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ലോകകേരള സഭയെ വിവാദമാക്കാൻ ചിലർ ബോധപൂർവം ശ്രമിച്ചു. നട്ടാൽ പൊടിക്കാത്ത നുണ പ്രചരിപ്പിക്കാൻ ആയിരുന്നു ശ്രമം. അതാത് മേഖലയിൽ ഉള്ളവരാണ് ലോകകേരള സഭ നടത്തുന്നത്’- മുഖ്യമന്ത്രി പറഞ്ഞു.
‘മുൻ സമ്മേളനങ്ങളിലെ നിർദ്ദേശങ്ങൾ കൃത്യമായി നടപ്പിലാക്കാൻ സംവിധാനം ഒരുക്കി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഉന്നയിക്കാൻ പ്രവാസി മിത്രം പോർട്ടൽ നടപ്പിലാക്കി. മടങ്ങിയെത്തുന്ന പ്രവാസികൾക്കായി എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സജ്‌ജമാണ്. പ്രവാസികളുടെ വിവര ശേഖരണത്തിന് ഡേറ്റ പോർട്ടൽ രൂപീകരണം അവസാന ഘട്ടത്തിലാണ്’- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 250 പേരാണ് സമ്മേളന പ്രതിനിധികളാകുന്നത്. നാളെ യുഎസ് സമയം വൈകിട്ട് ആറ് മുതൽ 7.30 വരെ നടക്കുന്ന പ്രവാസി സംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും.
Most Read: മാർക്ക് ലിസ്‌റ്റ് വിവാദം; ആർഷോക്കെതിരെ നടന്നത് ഗൂഢാലോചന- എഫ്‌ഐആർ പുറത്ത്