തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. പറവൂർ എംഎൽഎ ആയിരിക്കെ പ്രളയത്തിന് ശേഷം നടപ്പിലാക്കിയ ‘പുനർജനി’ പദ്ധതിക്കായി അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചുവെന്ന പരാതിയിലാണ് അന്വേഷണം. ചാലക്കുടി കാതിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
നിലവിൽ പ്രാഥമിക അന്വേഷണമാണ് നടക്കുക. എഫ്‌സിആർഐ നിയമത്തിന്റെ ലംഘനം നടത്തിയോ എന്നാകും വിജിലൻസ് അന്വേഷിക്കുക. ആരോപണം കഴമ്പുള്ളതാണെന്ന് പരിശോധനയിൽ തെളിഞ്ഞാൽ വിഡി സതീശനെതിരെ വിശദമായ അന്വേഷണം നടത്തിയേക്കും. എറണാകുളം വിജിലൻസ് യൂണിറ്റാകും അന്വേഷണം നടത്തുക.
2018ലെ പ്രളയത്തിന് ശേഷം പുനർജനി പദ്ധതിയിലൂടെ പറവൂരിൽ വീട് നഷ്‌ടപ്പെട്ടവർക്ക് വീടുകൾ പുനർനിർമിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ പറവൂർ എംഎൽഎയായ വിഡി സതീശൻ നടത്തിയിരുന്നു. ഈ പദ്ധതിക്ക് വേണ്ടി ചട്ടങ്ങൾ ലംഘിച്ചു വിദേശത്തു നിന്ന് പണം സ്വീകരിച്ചെന്നാണ് പരാതി. വിദേശയാത്രയിലെ പണപ്പിരിവ്, വിദേശത്ത് നിന്ന് പണം സ്വീകരിക്കൽ മുതലായവയാണ് പ്രതിപക്ഷ നേതാവിനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ.
വിഡി സതീശന്റെ വിദേശയാത്ര നിയമാനുസൃതമായിരുന്നോ എന്നും വിദേശയാത്രയിൽ പണപ്പിരിവ് നടത്തിയിരുന്നു എന്നും പണപ്പിരിവ് നടത്തിയെങ്കിൽ അതിന്റെ വിനിയോഗം നിയമനുസൃതമായിരുന്നോ മുതലായ കാര്യങ്ങളാണ് വിജിലൻസ് പ്രാഥമികമായി അന്വേഷിക്കുക. വിഷയത്തിൽ നിയമോപദേഹം തേടിയ ശേഷമാണ് വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടത്.
Most Read: സെപ്‌റ്റംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം