തിരുവനന്തപുരം: ദേശീയതലത്തിൽ വീണ്ടും അഭിമാന നേട്ടവുമായി കേരളം. ഭക്ഷ്യസുരക്ഷാ സൂചികയിൽ ദേശീയ തലത്തിൽ ഒന്നാം സ്‌ഥാനം നേടിയിരിക്കുകയാണ് കേരളം. ചരിത്രത്തിൽ ആദ്യമായാണ് ഭക്ഷ്യസുരക്ഷയിൽ കേരളത്തിന് ഒന്നാം സ്‌ഥാനം ലഭിക്കുന്നത്. ഫുഡ് സേഫ്‌റ്റി ആൻഡ് സ്‌റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്‌ഥാനം ലഭിച്ചത്.
കേരളം ഭക്ഷ്യസുരക്ഷയിൽ കൃത്യമായും ചിട്ടയായും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഇതെന്ന് അംഗീകാരം ലഭിച്ചതിന് ശേഷം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. മുൻ വർഷത്തെ വരുമാനത്തേക്കാൾ 193 ശതമാനം അധികം റെക്കോർഡ് വരുമാനമാണ് 2022-23 കാലയളവിൽ നേടിയത്. ഈ കാലയളവിൽ 28.94 കോടി രൂപയുടെ എക്കാലത്തെയും ഉയർന്ന റെക്കോർഡ് വരുമാനമാണ് നേടിയത്.
15.41 കോടി രൂപ നേടി 2018-19ലായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന വരുമാനം. അതിനേക്കാൾ ഇരട്ടിയോളം വരുന്ന വർധനവാണ് ഇക്കുറി ഉണ്ടായത്. അതേസമയം, ഈ നേട്ടം കൈവരിക്കാൻ ഒപ്പം നിന്ന് പ്രവർത്തിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ എല്ലാ ജീവനക്കാരെയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു. ട്രോഫിയും പ്രശസ്‌തി ഫലകവും അടങ്ങിയ പുരസ്‌കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി മൻസൂഖ് മാണ്ഡവ്യയിൽ നിന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ വിആർ വിനോദ് ഏറ്റുവാങ്ങി.
Most Read: വയനാട് ഉപതിരഞ്ഞെടുപ്പ് മുന്നൊരുക്കം; കോഴിക്കോട് കളക്‌ട്രേറ്റിൽ മോക് പോളിങ്