കീടനാശിനികൾ, വിഷപദാർഥങ്ങൾ; മലയാളിയുടെ ഭക്ഷണം സർവം വിഷം- റിപ്പോർട്

മായം ചേർക്കൽ നിരോധന നിയമം നോക്കുകുത്തിയാകുകയും, മായം കലർന്ന ഭക്ഷണങ്ങൾ വിൽക്കുന്നത് കണ്ടെത്തി കർശനമായ ശിക്ഷാ നടപടികൾ എടുക്കേണ്ട ഉദ്യോഗസ്‌ഥർ തങ്ങളുടെ ചുമതലകൾ ശരിയാംവണ്ണം നിറവേറ്റാത്തതും കൊണ്ടാണ് മലയാളികൾ വിഷം കലർന്ന ഭക്ഷണം കഴിക്കേണ്ടി വരുന്നതും, ഭക്ഷ്യവിഷബാധയെ തുടർന്ന് മരണങ്ങൾ വരെ സംഭവിക്കുന്നതും.

By Trainee Reporter, Malabar News
Pesticides and toxic substances; Malayali's food is all poison - report
Rep. Image
Ajwa Travels

തിരുവനന്തപുരം: പണം കൊടുത്ത് വിഷം അടങ്ങിയ ഭക്ഷണം വാങ്ങി കഴിക്കേണ്ട അവസ്‌ഥയിലാണ് ഇപ്പോൾ മലയാളികൾ. മായം ചേർക്കൽ നിരോധന നിയമം ഉൾപ്പടെ രാജ്യത്ത്‌ ഉണ്ടെങ്കിലും, മലയാളികൾ കഴിക്കുന്ന ഭക്ഷണത്തിൽ സർവത്ര വിഷം ആണെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനാ ലാബ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

2022 ഡിസംബർ, 2023 ജനുവരി മാസങ്ങളിലെ റിപ്പോർട്ടുകളിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ഉള്ളത്. കീടനാശിനികൾ, അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങൾ, വിഷപദാർഥങ്ങൾ എന്നിവയാൽ സർവത്ര മായം ചേർന്ന ഭക്ഷണമാണ് നാം ദിവസേന കഴിക്കുന്നത്. ശുദ്ധമാണെന്ന് നാം കരുതുന്ന സോഡയിൽ പോലും 260 ശതമാനത്തിലധികം ബാക്‌ടീരിയ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.

കൂടാതെ, ഷവർമ, ചിക്കൻ ഫ്രൈ, വറുത്ത കപ്പലണ്ടി, ടൂട്ടി ഫ്രൂട്ടി, കുഴിമന്തി, ചിക്കൻ മന്തി എന്നിവയിൽ സിന്തറ്റിക് കളറായ സൺസെറ്റ് യെല്ലോ, പുഡിങ് കേക്കിൽ സോർബേറ്റ് കളർ തുടങ്ങിയ അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങളും അടങ്ങിയിട്ടുണ്ട്. കൊതിയൂറും പഴംപൊരിയിൽ ടാർട്രോസിൻ, ടൊമാറ്റോ കുരുക്കിൽ സിന്തറ്റിക് കളറായ കാർമോയിസിൻ, ലഡുവിൽ സോർബേറ്റ്, കോൺഫ്‌ളവർ, ഇടിയപ്പം പൊടി എന്നിവയിൽ ക്‌ളോറോപൈറിഫോസ് ഈഥൈൽ എന്ന കീടനാശിനി, ചിക്കൻ ബർഗറിൽ സാൽമൊണല്ല ബാക്‌ടീരിയ തുടങ്ങിയവയുടെ സാന്നിധ്യവും സ്‌ഥിരീകരിച്ചിട്ടുണ്ട്.

പ്ളം കേക്കിൽ ബെൻസോയിക് ആസിഡ്, പേരക്കയിൽ തായാമേതോക്‌സാം, പഴം കേക്ക്, ഡേറ്റ്സ് കേക്ക്, പ്ളം കേക്ക് തുടങ്ങിയവയിൽ സോർബിക് ആസിഡും അടങ്ങിയിട്ടുണ്ടെന്നാണ് ലാബ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

Food safety warning
Rep. Image

ഇൻസ്‌റ്റന്റ് പ്രീമിക്‌സ് ചായ, ശർക്കര, മിക്‌സ്‌ചർ, പലഹാരങ്ങൾ എന്നിവയിൽ കൃത്രിമ നിറമായ ടാർട്രോസിൻ അനുവദനീയമായതിന്റെ പതിൻമടങ്ങ് കൂടുതലാണ്. കൂടാതെ, 2022 ഡിസംബറിൽ സപ്ളൈകോ മുഖാന്തിരം വിറ്റ മുളകുപൊടിയിൽ കീടനാശിനിയുടെ അളവ് 1700ൽ അധികമാണെന്നും സ്‌ഥിരീകരിച്ചിട്ടുണ്ട്. ബദാം ഫ്‌ളേവറുള്ള ബ്രാൻഡഡ് പാലിൽ ബെൻസോയേറ്റ് എന്ന അനുവദനീയമല്ലാത്ത പ്രിസർവേറ്റിവും കണ്ടെത്തി. ഒരു സ്വകാര്യ കമ്പനിയുടെ സംഭാരത്തിൽ യീസ്‌റ്റ് മോൾഡ് 740 ശതമാനത്തിലധികമാണ്. സാമ്പിളായി ശേഖരിച്ച ഗ്രീൻപീസിൽ ഒട്ടും ചേർക്കാൻ പാടില്ലാത്ത ടാർട്രോസിനും ബ്രില്യന്റ് ബ്ളൂവും അടങ്ങിയിട്ടുണ്ട്.

ഉപഭോക്‌തൃ സംസ്‌ഥാനമെന്ന നിലയിൽ കേരളത്തിൽ പലവ്യഞ്‌ജനങ്ങളും പഴങ്ങളും പച്ചക്കറികളുമെല്ലാം അന്യ സംസ്‌ഥാനങ്ങളിൽ നിന്ന് എത്തുന്നവയാണ്. മാരകമായ വിഷം അടങ്ങിയതാണ് ഇതിൽ ഭൂരിഭാഗവും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മായം ചേർക്കൽ നിരോധന നിയമം നോക്കുകുത്തിയാകുകയും, മായം കലർന്ന ഭക്ഷണങ്ങൾ വിൽക്കുന്നത് കണ്ടെത്തി കർശനമായ ശിക്ഷാ നടപടികൾ എടുക്കേണ്ട ഉദ്യോഗസ്‌ഥർ തങ്ങളുടെ ചുമതലകൾ ശരിയാംവണ്ണം നിറവേറ്റാത്തതും കൊണ്ടാണ് മലയാളികൾ വിഷം കലർന്ന ഭക്ഷണം കഴിക്കേണ്ടി വരുന്നതും, ഭക്ഷ്യവിഷബാധയെ തുടർന്ന് മരണങ്ങൾ വരെ സംഭവിക്കുന്നതും.

Food poisoning
Representational Image

മായം ചേർക്കൽ നിരോധന നിയമം

മായം ചേർത്ത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതും അത് വിൽപ്പന നടത്തുന്നതും തടയാൻ 1954ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമമാണ് മായം ചേർക്കൽ നിരോധന നിയമം. കേരളം അടക്കമുള്ള സംസ്‌ഥാനങ്ങൾ ഇതിന്റെ ചുവടുപിടിച്ചു മായം ചേർക്കുന്നതിനെതിരെ പരിഷ്‌കരിച്ച കർശനമായ നിയമങ്ങൾ കൊണ്ടുവന്നിട്ടുമുണ്ട്.

സംസ്‌ഥാനത്ത്‌ ഇതിനുവേണ്ടി ഭക്ഷ്യസുരക്ഷാ വിഭാഗം രൂപീകരിച്ചിട്ടുമുണ്ട്. ഭക്ഷ്യ വസ്‌തുക്കൾ വിൽപ്പന നടത്തുന്ന എവിടെ വേണമെങ്കിലും പരിശോധന നടത്താനും കേസെടുക്കാനും ഇവർക്ക് അധികാരമുണ്ട്. നിയമത്തിൽ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കർശന കുറ്റമാണ് ഭക്ഷണത്തിൽ മായം ചേർക്കൽ. എന്നാൽ, മായം ചേർക്കൽ തടയുന്നതിനുള്ള സംവിധാനങ്ങൾ കേരളത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന സത്യം, ഇപ്പോൾ പുറത്തുവന്ന ലാബ് പരിശോധനയുടെ വിവരങ്ങൾ തന്നെ വിളിച്ചുപറയുന്നുണ്ട്.

Most Read: ഇന്ത്യയിൽ മൂന്ന് പാർട്ടികളുടെ ദേശീയ പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE