ന്യൂഡെൽഹി: ഇന്ത്യയിൽ സിപിഐ ഉൾപ്പടെ മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സിപിഐയെ കൂടാതെ, ശരത് പവാറിന്റെ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി പദവി നഷ്‌ടപ്പെട്ടതായി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതേസമയം, അരവിന്ദ് കെജ്‌രിവാൾ നയിക്കുന്ന ആംആദ്‌മിക്ക് ദേശീയ പാർട്ടി പദവി പുതുതായി നൽകുകയും ചെയ്‌തിട്ടുണ്ട്.
ഡെൽഹിക്ക് പിന്നാലെ പഞ്ചാബിലും അധികാരത്തിലേറിയതാണ് ആംആദ്‌മിക്ക് ഗുണമായത്. സിപിഐ ആകട്ടെ ഒരു സംസ്‌ഥാനത്തും ഭരണത്തിന് നേതൃത്വം നൽകുന്നില്ല. കേരളത്തിലടക്കം ഭരണ മുന്നണിയുടെ ഭാഗമാണ് സിപിഐ. തൃണമൂൽ കോൺഗ്രസ് പശ്‌ചിമ ബംഗാളിൽ ഭരണത്തിലുള്ള പാർട്ടിയാണ്. എൻസിപിയാകട്ടെ മഹാരാഷ്‌ട്രയിൽ നേരത്തെ ഭരണ മുന്നണിയുടെ ഭാഗമായിരുന്നു. എന്നാൽ, ഷിൻഡെ-ബിജെപി സർക്കാർ അതികാരത്തിലേറിയതോടെ എൻസിപി പ്രതിപക്ഷത്തായിരുന്നു.
സിപിഐ, എൻസിപി, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികൾ ഇനി മുതൽ പ്രാദേശിക പാർട്ടികളുടെ ഗണത്തിലായിരിക്കും ഉൾപ്പെടുക. ഒരു രാഷ്‌ട്രീയ പാർട്ടിക്ക് ദേശീയ പാർട്ടിയെന്ന് സ്‌ഥാനം ലഭിക്കാൻ നാലോ അതിലധികമോ സംസ്‌ഥാനങ്ങളിൽ സംസ്‌ഥാന പാർട്ടിയെന്ന സ്‌ഥാനമോ അല്ലെങ്കിൽ ലോക്‌സഭയിൽ രണ്ടു ശതമാനം സീറ്റുകൾ ലഭിക്കുന്ന അംഗീകൃത സംസ്‌ഥാന പാർട്ടിയോ ആയിരിക്കണമെന്നാണ് വ്യവസ്‌ഥ. ദേശീയ പാർട്ടി പദവി നഷ്‌ടപ്പെട്ടാൽ സംസ്‌ഥാന പാർട്ടിയെന്ന് അംഗീകാരമില്ലാത്ത സംസ്‌ഥാനങ്ങളിൽ പാർട്ടിയുടെ സ്‌ഥാനാർഥികൾക്ക് പൊതുവായ ചിഹ്‌നം ലഭിക്കില്ല.
Most Read: ഓൺലൈൻ ചൂതാട്ട നിരോധന ബില്ലിൽ തമിഴ്‌നാട് ഗവർണർ ഒപ്പിട്ടു