ന്യൂഡെൽഹി: കോവിഡ് വാക്സിനെടുത്തവർ 2 വർഷത്തിനുള്ളിൽ മരിക്കുമെന്ന് നോബൽ സമ്മാന ജേതാവ് പറഞ്ഞതായി വ്യാജ വാർത്ത പ്രചരിക്കുന്നു. ലോക പ്രശസ്ത വൈറോളജിസ്റ്റും നോബൽ സമ്മാന ജേതാവുമായ ലൂക്ക് മൊണ്ടാഗ്നിയർ പറഞ്ഞതായി പ്രചരിക്കുന്ന “വാക്സിനെടുത്ത എല്ലാവരും രണ്ടുവർഷത്തിനുള്ളിൽ മരിക്കും” എന്ന വാർത്ത സമ്പൂർണമായും വ്യാജമാണ്.
കേരളത്തിൽ ഉൾപ്പടെ വാട്സാപ്പിൽ പ്രചരിക്കുന്ന, വിശ്വാസയോഗ്യമെന്ന് തോന്നിക്കുന്ന ഈ സന്ദേശം വ്യാജമാണെന്ന് ലൂക്ക് മൊണ്ടാഗ്നിയർ തന്നെയാണ് സ്ഥിരീകരിച്ചത്.
ലൈഫ് സൈറ്റ് ന്യൂസ് ഡോട് കോം സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ലിങ്ക് ഉൾപ്പടെയുള്ള സന്ദേശമാണ് വാട്സാപ്പിലും മറ്റും വ്യാപകമായി പ്രചരിക്കുന്നത്. ‘മാസ് കോവിഡ് വാക്സിനേഷൻ ഒരു അസ്വീകാര്യമായ തെറ്റ്’ എന്ന തലക്കെട്ടോട് കൂടിയ ലേഖനത്തിൽ വാക്സിനെടുത്ത എല്ലാവരും രണ്ടുവർഷത്തിനുള്ളിൽ മരിക്കുമെന്ന് ലൂക്ക് മൊണ്ടാഗ്നിയർ പറഞ്ഞതായി പരാമർശിക്കുന്നു.
മെയ് 19നാണ് ലേഖനം പ്രസിദ്ധീകരിച്ചത്. യുഎസ് ആസ്ഥാനമായ ഒരു എൻജിഒ മെയ് 18ന് പുറത്തുവിട്ട വാർത്തയെ അടിസ്ഥാനമാക്കിയാണ് ലൈഫ് സൈറ്റ് ന്യൂസിന്റെ ലേഖനം. ഇതിൽ മൊണ്ടാഗ്നിയറുടെ അഭിമുഖത്തിൽ നിന്നുള്ള രണ്ട് മിനിറ്റ് ക്ളിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
88 വയസുള്ള ഇദ്ദേഹം വൈറസുകളെ സംബന്ധിച്ചും പകർച്ചവ്യാധികളെ സംബന്ധസിച്ചും ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞനാണ്. എയിഡ്സിന് കാരണമാകുന്ന എച്ച്ഐവി വൈറസിനെ കണ്ടെത്തിയതിന് 2008ലാണ് ഇദ്ദേഹത്തിന് നോബൽ പ്രൈസ് ലഭിച്ചത്.
അതേസമയം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാട്സ്ആപ് സന്ദേശം പ്രചരിപ്പിക്കരുതെന്ന് അസം പോലീസ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.