വയനാട്: ജില്ലയിലെ സർക്കാർ ആശുപത്രിയിൽ എത്തിയ കുട്ടിക്ക് ചികിൽസ വൈകിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. കുട്ടിക്ക് ചികിൽസ വൈകിപ്പിച്ച ഡോക്ടറിൽ നിന്ന് പിഴ ഈടാക്കുമെന്ന് കമ്മീഷൻ ഉത്തരവിറക്കി. വൈത്തിരി ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിയ കുട്ടിക്ക് ചികിൽസ നൽകുന്നതിൽ വീഴ്ച വരുത്തിയ ഡോക്ടറുടെ ശമ്പളത്തിൽ നിന്ന് അമ്പതിനായിരം രൂപ നഷ്ടപരിഹാരം നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. വൈത്തിരി താലൂക്ക് ആശുപത്രിയിലെ ഡോ. ദീപ പി സോമനെതിരെയാണ് പരാതി.
താലൂക്ക് ആശുപത്രി ഡോക്ടർ, സ്റ്റാഫ് നഴ്സ് നുഫൈൽ എന്നിവരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയും പരാതിക്കാരന്റെ ആരോപണങ്ങളും സംബന്ധിച്ച് വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും ആരോഗ്യ വകുപ്പ് സെക്രട്ടറി, ഡയറക്ടർ, ആശുപത്രി സൂപ്രണ്ട് എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. 2019 ഡിസംബർ അഞ്ചിന് രാത്രിയാണ് പരാതിക്കിടയാക്കിയ സംഭവം. കുട്ടിയെ വൃഷ്ണ സംബന്ധമായ അസുഖത്തെ തുടർന്ന് വൈത്തിരി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ എത്തിച്ചിരുന്നു.
എന്നാൽ, മകന് കലശലായ വേദന ഉണ്ടായിട്ടും ഡോക്ടർ ശരിക്ക് പരിശോധിക്കാതെ സ്റ്റാഫ് നഴ്സിനോട് കുട്ടിക്ക് ഗുളികയും ഇഞ്ചക്ഷനും നൽകാൻ പറഞ്ഞു. എന്നാൽ, കുട്ടിയുടെ പിതാവിനെ രോഗത്തിന്റെ ഗൗരവം അറിയിച്ചിരുന്നില്ല. ഇതോടെ കുട്ടിയുടെ വൃഷ്ണം തകരാറിലാവുകയാണ് ചെയ്തത്. ഉടനെ സർജറി ചെയ്യാൻ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നെങ്കിൽ മകന് ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് പിതാവ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഡോക്ടറുടെ നിരുത്തരവാദപരമായ സമീപനത്തിൽ മകന് നഷ്ടപെട്ടത് അവന്റെ ഭാവിയും ഏറ്റവും പ്രധാനപ്പെട്ട അവയവുമാണ്.
ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ടാണ് കുട്ടിയുടെ പിതാവ് കമ്മീഷനെ സമീപിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് തികഞ്ഞ ബാലാവകാശ ലംഘനം നടന്നതായി വിലയിരുത്തിയ കമ്മീഷൻ കുട്ടിയുടെ പ്രായവും ഭാവിയെ ബാധിക്കുന്ന തരത്തിലുള്ള നഷ്ടവും പരിഗണിച്ച് അംഗങ്ങളായ കെ നസീർ, ബി ബബിത എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. നഷ്ടപരിഹാരമായി അനുവദിക്കുന്ന തുക കുട്ടിക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: മുല്ലപ്പെരിയാർ; ജലനിരപ്പ് 141.95 അടി, ഒരു ഷട്ടർ ഒഴികെ ബാക്കിയുള്ളവ അടച്ചു








































