ന്യൂഡെൽഹി: രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ച് കർഷക സംഘടനകൾ തിരഞ്ഞെടുപ്പ് രംഗത്തേക്ക്. കേന്ദ്രസർക്കാരിന്റെ വിവാദമായ മൂന്ന് കാർഷിക ബില്ലുകൾക്കെതിരെ ഒന്നരവർഷത്തോളം നീണ്ട പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംയുക്‌ത കിസാൻ മോർച്ചയുടെ ഭാഗമായി 22 കർഷക യൂണിയനുകൾ പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ചു. ‘സംയുക്‌ത സമാജ് മോർച്ച’ എന്ന പേരിൽ രൂപവൽകരിച്ച കർഷക സംഘടനകളുടെ പാർട്ടി അടുത്ത വർഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കും.
പഞ്ചാബിൽ മുന്നണിയെ നയിക്കുക ബൽബീർ സിങ് രാജേവലാകും എന്നാണ് വിവരം. അതേസമയം, തിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നാണ് സംയുക്‌ത കിസാൻ മോർച്ച ഔദ്യോഗികമായി അറിയിച്ചത്. സംയുക്‌ത കിസാൻ മോർച്ചയുടെ പേര് ഏതെങ്കിലും വ്യക്‌തികളോ സംഘടനകളോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും നേതാക്കൾ അറിയിച്ചു. ഇതിന് പിന്നാലെയാണ് 22 യൂണിയനുകൾ ചേർന്ന് രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനം നടത്തിയത്.
സംയുക്‌ത സമാജ് മോർച്ച എന്ന പേരിൽ രൂപവൽകരിച്ച പാർട്ടി അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്‍മി പാർട്ടിയുമായി സഖ്യം ഉണ്ടാക്കിയേക്കുമെന്നാണ് റിപ്പോർട്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ 117 സീറ്റുകളിലും മൽസരിക്കുമെന്നാണ് സംയുക്‌ത സമാജ് മോർച്ച നേതാക്കൾ പ്രഖ്യാപിച്ചിരിക്കുന്നത്.
മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് ശേഷം തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പഞ്ചാബിലെ ജനങ്ങളിൽ നിന്ന് കടുത്ത സമ്മർദ്ദമുണ്ടെന്ന് രാജേവൽ പറഞ്ഞു. മയക്കുമരുന്ന്, തൊഴിലില്ലായ്‌മ, സംസ്‌ഥാനത്ത് നിന്നുള്ള യുവാക്കളുടെ കുടിയേറ്റം തുടങ്ങി നിരവധി പ്രശ്‌നങ്ങൾ പഞ്ചാബ് അഭിമുഖീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: ലുധിയാനയിലെ ബോംബ് സ്‌ഫോടനത്തിൽ ഖാലിസ്‌ഥാൻ ബന്ധം