ദോഹ: ലോകകപ്പ് കിക്കോഫിന് മണിക്കൂറുകള്‍ ശേഷിക്കെ ഒട്ടനവധി നിരോധനങ്ങളും നിർദ്ദേശങ്ങളുമാണ് ഖത്തർ മുന്നോട്ടു വെക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 20 ലക്ഷത്തിലധികം ഫുട്‌ബോൾ ആസ്വാദകരെ നീണ്ട നിരോധന പട്ടികയും വസ്‌ത്രങ്ങളിൽ ഉൾപ്പടെയുള്ള നിർദ്ദേശങ്ങളും നിരാശരാക്കുമെന്നാണ് സൂചന.
സ്‌റ്റേഡിയങ്ങൾക്ക് പരിസരത്ത് വീര്യം കുറഞ്ഞ ബിയർ ലഭ്യമാക്കുമെന്ന തീരുമാനം പിൻവലിക്കുകയും ബിയര്‍ വില്‍പ്പന നിരോധിക്കുകയൂം ചെയ്‌തതാണ് പുതിയ ഉത്തരവ്. ഖത്തറും ഫിഫ അധികൃതരും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. മദ്യവില്‍പനയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആദ്യമേ ഉണ്ടായിരുന്നു. ഈ പട്ടികയിലേക്ക് ബിയറും ഇപ്പോൾ ഉൾപ്പെടുത്തി.
ലോകകപ്പ് അരങ്ങേറുന്ന ആദ്യത്തെ മിഡില്‍ ഈസ്‌റ്റ് രാജ്യമായ ഖത്തറിൽ മദ്യപാനത്തിന് കര്‍ശന നിരോധനമുള്ള രാജ്യമായതിനാല്‍ മൽസര വേദികളിലും മദ്യവില്‍പ്പനക്ക് നിയന്ത്രണമുണ്ട്. എന്നാൽ, ലൈസന്‍സുള്ള ഹോട്ടലുകളിൽ മദ്യം നല്‍കുമെന്നും നിശ്‌ചിത സമയങ്ങളില്‍ മാത്രം മദ്യം ഫാന്‍ സോണുകളില്‍ ലഭ്യമാക്കുമെന്നും സംഘാടകര്‍ പറഞ്ഞു.
ഇ-സിഗരറ്റ് വലിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അവിവാഹിതരായ സ്‌ത്രീ-പുരുഷ ബന്ധം ഖത്തറില്‍ കുറ്റകൃത്യമാണ്. അതിനാൽ, അവിവാഹിതരായ ദമ്പതികള്‍ക്ക് ഹോട്ടല്‍ മുറികള്‍ നല്‍കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖത്തറില്‍ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണ്. ഇതും ലംഘിക്കാൻ പാടില്ല. ആരാധകര്‍ പന്നിയിറച്ചിയോ സ്വഉപയോഗത്തിനുള്ള സെക്‌സ് ടോയ്സോ കൊണ്ടുവരുന്നതും കുറ്റകരമാണ്.
വസ്‌ത്ര ധാരണത്തിൽ, സംസ്‌കാരത്തെ ബഹുമാനിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌ത്രീ ആരാധകർ തോളും കാല്‍മുട്ടും മറക്കണം. പൊതുസ്‌ഥലങ്ങളില്‍ നീളന്‍ പാവാടയോ നീളൻ ട്രൗസറോ ധരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാല്‍മുട്ട് മറയ്‌ക്കാത്ത ജീന്‍സിടാന്‍ പുരുഷൻമാര്‍ക്കും അനുവാദമില്ല. ആക്ഷേപകരമെന്ന് തോനുന്ന വാക്കുകളുള്ള ടി ഷർട് ഉൾപ്പടെയുള്ള വസ്‌ത്രങ്ങൾ ധരിക്കുന്നതിനും നിരോധനമുണ്ടാകും. നിരോധങ്ങൾ ലംഘിച്ചാൽ രാജ്യം അനുശാസിക്കുന്ന ശിക്ഷയോ പിഴയോ സ്വീകരിക്കേണ്ടി വരും.
Most Read: ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച് സിപിഎം ദേശീയ നേതൃത്വം