ഭാരത് ജോഡോ യാത്രയെ പ്രകീർത്തിച്ച് സിപിഎം ദേശീയ നേതൃത്വം

By Central Desk, Malabar News
CPM national leadership hails Bharat Jodo Yatra
Image Courtesy: ANI

ന്യൂഡെൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പ്രശംസിച്ച് സിപിഎം ദേശീയ നേതൃത്വം. യാത്രക്ക് തെക്കെ ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം.

ഒക്‌ടോബർ 29 മുതൽ 31 വരെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചയിൽ അംഗീകരിച്ച രാഷ്‌ട്രീയ രേഖയിലാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പ്രശംസിച്ചുകൊണ്ടുള്ള വരികൾ ഇടംപിടിച്ചത്.

യാത്രയുടെ കൂടുതൽ ദിവസങ്ങൾ കേരളത്തിലാണെന്നും കണ്ടെയ്‌നർ യാത്രയെന്നുമുള്ള പരിഹാസങ്ങളാണ് എം സ്വരാജ്, എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കളിൽ നിന്ന് മുൻപുണ്ടായത്. എന്നാൽ, കേരള നേതാക്കളുടെ വിമർശനങ്ങളെ പൂർണമായും തള്ളിയാണ് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് എന്നത് ശ്രദ്ധേയം.

രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരിയിൽ നിന്നും ശ്രിനഗർ വരെയുള്ള നൂറ്റമ്പത് ദിവസത്തെ ഭാരത് ജോഡോ യാത്രക്ക് തെക്കെ ഇന്ത്യയിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇനി ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശങ്ങളിലെ ജനങ്ങളിൽ നിന്നും യാത്രക്ക് ഏത് രീതിയിലുള്ള പ്രതികരണമാകും ലഭിക്കുകയെന്നതാണ് ഉറ്റുനോക്കുന്നത്. ആഭ്യന്തര പ്രശ്‌നങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്നും പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുന്ന ഈ സമയത്ത് പാർട്ടിയെ ഒന്നിപ്പിക്കാനുള്ള ശ്രമമായി ഈ യാത്രയെ കാണുന്നുവെന്നുമാണ് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം.

യാത്രയുടെ കൂടുതൽ ദിവസങ്ങൾ കേരളത്തിലാണെന്ന കേരളം നേതാക്കളുടെ പരിഹാസത്തെ നേരെത്തെ തന്നെ പിബി തള്ളിയിരുന്നു. കേരളത്തിലെ സ്വാധീനം കണക്കിലെടുത്താകും യാത്രക്കായി ഇവിടെ കൂടുതൽ സമയം മാറ്റിവച്ചതെന്നും സമാനമായ യാത്രകൾ പാർട്ടികൾ അവരവരുടെ ശക്‌തി കേന്ദ്രങ്ങളിൽ നടത്താറുണ്ടെന്നും പിബി സെപ്റ്റംബർ മാസത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കൂടുതൽ ദിവസങ്ങൾ കേരളത്തിലാണ് യാത്രയെന്ന ഇടതുനേതാക്കളുടെ പരിഹാസത്തിന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശും മറുപടി നൽകിയിരുന്നു. സംസ്‌ഥാനങ്ങളുടെ ചുറ്റളവും വീതിയുമല്ല പരിഗണിക്കുന്നതെന്നും നീളമനുസരിച്ചാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത് എന്നുമാണ് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് തിരിച്ചടിച്ചിരുന്നത്.

‘കേരളം നീളം കൂടിയ സംസ്‌ഥാനം ആയതുകൊണ്ടാണ് 370 കിലോമീറ്റർ പിന്നിടാൻ 18 ദിവസങ്ങൾ വേണ്ടി വരുന്നത്. കർണാടകയിലും രാജസ്‌ഥാനിലും 21 ദിവസവും മഹാരാഷ്‌ട്രയിൽ 16 ദിവസവും യുപിയിൽ 5 ദിവസവുമാണ് യാത്ര. ബിജെപി ഭരിക്കുന്ന സ്‌ഥലങ്ങളിൽ യാത്ര കടന്നു ചെല്ലുന്നില്ല എന്ന വാദം അടിസ്‌ഥാന രഹിതമാണ്’ -ജയറാം രമേശ് പറഞ്ഞു.

Most Read: സര്‍ക്കാര്‍ ഓഫീസുകളിലെ മോദി ചിത്രങ്ങള്‍ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് എഎപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE