ന്യൂഡെൽഹി: രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് രണ്ടാം ദിനത്തിലേക്ക് കടന്നു. ഇന്നും മണിപ്പൂരിൽ യാത്ര ചെയ്യുന്ന രാഹുൽ വൈകിട്ടോടെ നാഗാലൻഡ് അതിർത്തിയിൽ എത്തും. കലാപം നടന്ന കാങ്‌പോക്‌പി, സേനാപതി എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി സംസാരിക്കും. സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രാഹുലിനെ അനുഗമിക്കുന്നുണ്ട്.
മണിപ്പൂരിലെ തൗബാലിലെ ബാങ്ജോം യുദ്ധ സ്‌മാരകത്തിൽ പ്രണാമർപ്പിച്ച ശേഷമാണ് രാഹുൽ ഇന്നലെ യാത്ര ആരംഭിച്ചത്. മണിപ്പൂരിലെ കലാപത്തിൽ ഇരയായ കുട്ടികൾക്കൊപ്പമാണ് രാഹുൽ സഞ്ചരിച്ചത്. നാഗാലൻഡിൽ രണ്ടു ദിവസമാണ് രാഹുൽ പര്യടനം നടത്തുക. യാത്രക്കായി രാഹുൽ സഞ്ചരിക്കുന്ന ബസിൽ ലിഫ്റ്റ് മുതൽ കോൺഫറൻസ് റൂം വരെയുണ്ട്. ബസിന് മുകളിലേക്ക് ഉയർന്നുവരുന്ന ലിഫ്റ്റ് ആണ് സജ്‌ജമാക്കിയിരിക്കുന്നത്.
ലിഫ്‌റ്റിൽ ഉയർന്നുവന്നു, ബസിന് മുകളിൽ നിന്ന് രാഹുൽ പ്രസംഗിക്കും. എട്ടു പേർക്ക് യോഗം ചേരാവുന്ന കോൺഫറൻസ് റൂമാണ് ബസിന് പിന്നിലുള്ളത്. യാത്രക്കിടെ ജനങ്ങളുമായി ഇവിടെ രാഹുൽ ചർച്ച നടത്തും. ബസിനു പുറത്ത് സ്‌ഥാപിച്ചിട്ടുള്ള സ്‌ക്രീനിലൂടെ അത് പുറത്തുള്ളവർക്ക് തൽസമയം കാണാനാകും. ബസിൽ ശുചിമുറിയും സജ്‌ജമാക്കിയിട്ടുണ്ട്. തെലങ്കാന രജിസ്‌ട്രേഷനിലുള്ള ബസാണിത്.
മാർച്ച് വരെയായി 66 ദിവസം നീളുന്ന ബസ് യാത്രയിൽ 15 സംസ്‌ഥാനങ്ങളിലൂടെ രാഹുൽ സഞ്ചരിക്കും. ദിവസേന ഏതാനും കിലോമീറ്റർ പദയാത്രയുമുണ്ട്. 6713 കിലോമീറ്റർ നീളുന്ന യാത്ര മുംബൈയിൽ സമാപിക്കും. കഴിഞ്ഞ വർഷം സെപ്‌തംബറിൽ കന്യാകുമാരിയിൽ നിന്നാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ശ്രീനഗറിൽ സമാപിച്ചത്.
Most Read| ’55 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നു’; മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവെച്ച