മുംബൈ: കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മിലിന്ദ് ദേവ്‌റ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. ശിവസേനയിലെ ഷിൻഡെ പക്ഷത്തിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് രാജി. 55 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നുവെന്ന് അദ്ദേഹം സാമൂഹിക മാദ്ധ്യമങ്ങൾ വഴി അറിയിച്ചു. യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രിയായിരുന്നു മിലിന്ദ്.
ഷിൻഡെ പക്ഷത്ത് ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി അദ്ദേഹം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് രാജിപ്രഖ്യാപനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുന്ന വേളയിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് ദേവ്‌റയുടെ രാജി. അന്തരിച്ച മുൻ കേന്ദ്രമന്ത്രി മുരളി ദേവ്‌റയുടെ മകനാണ് മിലിന്ദ്. സീറ്റ് തർക്കത്തെ തുടർന്നാണ് മിലിന്ദിന്റെ രാജിയെന്നും അഭ്യൂഹങ്ങളുണ്ട്.
അഞ്ചു പതിറ്റാണ്ടിലേറെയായി കോൺഗ്രസും ദേവ്‌റ കുടുംബവും കൈവശം വെക്കുന്ന സൗത്ത് മുംബൈ ലോക്‌സഭാ സീറ്റ് ഇത്തവണ കോൺഗ്രസിൽ നിന്ന് സഖ്യകക്ഷിയായ ശിവസേന ഉദ്ധവ് പക്ഷം പിടിച്ചുവാങ്ങാനുള്ള സാധ്യത നിലനിൽക്കെ, സുരക്ഷിത താവളമെന്ന നിലയിൽ ഷിൻഡെ പക്ഷത്തേക്ക് മിലിന്ദ് നീങ്ങിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
ഉദ്ധവ് പക്ഷത്തെ അരവിന്ദ് സാവന്താണ് സൗത്ത് മുംബൈ മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എംപി. ബിജെപിയും ശിവസേനയും സഖ്യമായി മൽസരിച്ച കഴിഞ്ഞ രണ്ടു തവണയും മിലിന്ദിനെ പരാജയപ്പെടുത്തിയ നേതാവാണ് ഇദ്ദേഹം. ശിവസേന പിളരുകയും ഷിൻഡെ പക്ഷം ബിജെപിയുമായി ഉദ്ധവ് വിഭാഗം കോൺഗ്രസുമായും കൈകോർത്തതോടെ സമവാക്യങ്ങൾ മാറി.
മിലിന്ദിനേക്കാൾ വിജയസാധ്യത തൊഴിലാളി യൂണിയൻ നേതാവും വോട്ടർമാരുമായി കൂടുതൽ അടുപ്പം സൂക്ഷിക്കുന്ന സിറ്റിങ് എംപിയുമായ അരവിന്ദ് സാവന്തിനാണെന്നാണ് ഉദ്ധവ് പക്ഷം കരുതുന്നത്. സീറ്റിന് മേൽ ഉദ്ധവ് പക്ഷനേതാക്കൾ ആവർത്തിച്ച് അവകാശവാദം ഉന്നയിക്കുന്നതിൽ മിലിന്ദ് അസന്തുഷ്‌ടൻ ആണെന്നാണ് റിപ്പോർട്ടുകൾ.
Most Read| രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് ഇന്ന് തുടക്കം; ഖർഗെ ഫ്‌ളാഗ് ഓഫ് ചെയ്യും