ലണ്ടൻ: മികച്ച ലോക ഫുട്‌ബോളാർക്കുള്ള ഫിഫ ദി ബെസ്‌റ്റ് പുരസ്‌കാരം വീണ്ടും സ്വന്തമാക്കി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി. എട്ടാം തവണയാണ് മെസി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം നേടുന്നത്. ഒരു തവണ ഫിഫ വേൾഡ് പ്ളെയർ ഓഫ് ദ ഇയർ, നാല് തവണ ഫിഫ ബലോൻ ദ് ഓർ, മൂന്ന് തവണ ഫിഫ ദ ബെസ്‌റ്റ് എന്നിവയാണ് മെസി നേടിയത്.
യുവതാരങ്ങളായ കിലിയൻ എംബപെ, എർലിംഗ് ഹാലൻഡ് എന്നിവരെ മറികടന്നാണ് 36- കാരനായ മെസിയുടെ നേട്ടം. മികച്ച വനിതാ താരമായി ബാഴ്‌സലോണയുടെ സ്‌പാനിഷ് താരം അയ്‌റ്റാന ബോൺമറ്റിയെ തിരഞ്ഞെടുത്തു. മെസിയും ഹാലൻഡും എംബപെയും പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയില്ല. മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്‌കാരം മാഞ്ചസ്‌റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോള സ്വന്തമാക്കി.
കഴിഞ്ഞ സീസണിൽ ഇംഗ്ളീഷ് പ്രീമിയർ ലീഗ് ക്ളബ് മാഞ്ചസ്‌റ്റർ സിറ്റിയെ ട്രെബിൾ കിരീടനേട്ടത്തിൽ എത്തിച്ചതാണ് ഗ്വാർഡിയോളയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ലോകകപ്പ് ഫൈനലിലെത്തിയ ഇംഗ്ളണ്ട് വനിതാ ടീമിന്റെ പരിശീലക സറീന വീഗ്‌മാനാണ് മികച്ച വനിതാ ടീം കൊച്ചിനുള്ള പുരസ്‌കാരം. ഇത് നാലാം തവണയാണ് വീഗ്‌മാൻ ഫിഫ ബെസ്‌റ്റ് പുരസ്‌കാരം നേടുന്നത്.
മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്‌കാരം മാഞ്ചസ്‌റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോളി എദേഴ്‌സൻ സ്വന്തമാക്കി. ഇംഗ്ളണ്ടിന്റേയും മാഞ്ചസ്‌റ്റർ യുണൈറ്റഡിന്റേയും താരമായ മേരി ഏർപ്‌സാണ് മികച്ച വനിതാ ഗോൾകീപ്പർ. ബ്രസീലിയൻ ക്ളബ് ബോട്ടോഫോഗോയുടെ ഗില്ലർമെ മദ്രുഗയ്‌ക്കാണ് മികച്ച ഗോളിനുള്ള പുരസ്‌കാരം. സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റിനുള്ള ഫെയർ പ്ളേ പുരസ്‌കാരം വംശീയതയ്‌ക്ക് എതിരെയുള്ള പോരാട്ടത്തിന് ബ്രസീൽ പുരുഷ ഫുട്‍ബോൾ ടീം നേടി.
Most Read| കോടികളുടെ പാരമ്പര്യ സ്വത്ത്; ആവശ്യക്കാർക്ക് വിതരണം ചെയ്യാനൊരുങ്ങി 31-കാരി