റിയാദ്: 2034 ഫിഫ ലോകകപ്പ് ഫുട്‍ബോളിന് സൗദി അറേബ്യ വേദിയാകുമെന്ന് പ്രഖ്യാപിച്ചു ഫിഫ പ്രസിഡണ്ട് ജിയാണി ഇൻഫന്റീനോ. ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആതിഥേയ രാഷ്‌ട്രമാകാനുള്ള താൽപര്യം അറിയിക്കാനുള്ള അവസാന ദിനമായ ഇന്നലെ ഓസ്ട്രേലിയ പിൻമാറിയിരുന്നു. ഇതോടെ സൗദി ഫുട്‍ബോൾ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു.
ഫിഫ ലോകകപ്പിന്റെ 2026ലെ പതിപ്പിന് കാനഡ, മെക്‌സിക്കോ, യുഎസ് തുടങ്ങിയ വടക്കേ അമേരിക്കൻ രാജ്യങ്ങൾ സംയുക്‌ത ആതിഥേയത്വം വഹിക്കും. 2030ൽ രണ്ടു ഭൂഖണ്ഡങ്ങളിലായാണ് ലോകകപ്പ് നടക്കുക. ആഫ്രിക്കയിൽ നിന്ന് മൊറോക്കോയും യൂറോപ്പിൽ നിന്ന് പോർച്ചുഗൽ, സ്‌പെയിൻ രാജ്യങ്ങൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കും. ഇതിന്റെ ഭാഗമായുള്ള പ്രദർശ മൽസരങ്ങൾക്ക് അർജന്റീന, പാരഗ്വായ്, യുറഗ്വായ് തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങൾ വേദിയാകും.
2034ൽ ഏഷ്യയിൽ നടക്കുന്ന ലോകകപ്പിന് സൗദി അറേബ്യ ആതിഥ്യമരുളും. ഫിഫ്‌ലോകകപ്പിന്റെ വരാനിരിക്കുന്ന മൂന്ന് പതിപ്പുകൾ, അഞ്ചു ഭൂഖണ്ഡങ്ങൾ, മൽസരങ്ങൾക്ക് വേദിയാകാൻ പത്ത് രാജ്യങ്ങൾ, അത് ഫുട്‍ബോളിനെ അക്ഷരാർഥത്തിൽ ഒരു ആഗോള കായികയിനമാക്കുന്നതായും ഇൻഫന്റീനോ ഇൻസ്‌റ്റാഗ്രാമിൽ പ്രതികരിച്ചു.
2022ലെ ഫിഫ വേൾഡ് കപ്പ് സൗദി അറേബ്യയുടെ അയൽ രാജ്യമായ ഖത്തറിലാണ് നടന്നത്. ലോകകപ്പ് നേടിയ അർജന്റീനൻ ടീമിനെ പരാജയപ്പെടുത്തിയ ഏക ടീമാണ് സൗദി അറേബ്യ. പിന്നാലെ ലോകോത്തര താരങ്ങളെ സൗദി പ്രോ ലീഗിലേക്ക് എത്തിച്ചു അറേബ്യൻ രാജ്യം ഞെട്ടിച്ചിരിക്കുകയാണ്. ലോകോത്തര ഫുട്‍ബോൾ താരങ്ങളായ ക്രിസ്‌റ്റ്യാനോ റൊണാൾഡോ, കരീം ബെൻസീമ, സാദിയോ മാനെ, നെയ്‌മർ ജൂനിയർ, റോബർട്ടോ ഫിർമിനോ തുടങ്ങിയ വൻ താരനിരയാണ് സൗദിയിലെത്തിയത്.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം