കൊച്ചി: ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 42 വയസായിരുന്നു. കൊച്ചിയിലെ രാജഗിരി സ്വകാര്യ ആശുപത്രിയിൽ പത്ത് മണിയോടെ ആയിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലിരിക്കെയാണ് അന്ത്യം. മിമിക്രിയിലൂടേയും, കോമഡി സീരിയലുകളിലൂടെയുമാണ് സുബി പ്രേക്ഷക മനസിൽ ഇടംനേടിയത്.
കൊച്ചിൻ കലാഭവനിലൂടെയാണ് സുബി സുരേഷ് മുഖ്യധാരയിലേക്ക് വരുന്നത്. ഇരുപതിലേറെ സിനിമകളിലും അതിനേക്കാളേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്, സ്റ്റേജ് ഹാസ്യ പരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും തിളങ്ങിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ തൃപ്പുണ്ണിത്തുറയിലാണ് സുബിയുടെ ജനനം.
തൃപ്പുണ്ണിത്തുറ സർക്കാർ സ്കൂളിലും എറണാകുളം സെന്റ് തെരേസാസ് കോളേജിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ കാലത്ത് തന്നെ സുബി നർത്തകിയായി പേരെടുത്തിരുന്നു. ബ്രേക്ക് ഡാൻസിൽ ശ്രദ്ധേയയായ സുബി, നിരവധി വേദികളിൽ മിമിക്രിയും മോണോ ആക്ടും അവതരിപ്പിച്ചിരുന്നു. തുടർന്ന് ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് സുബി ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്.
രാജസേനൻ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. പഞ്ചവർണ തത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥൻ, കില്ലാഡി രാമൻ, ലക്കി ജോക്കേഴ്സ്, എൽസമ്മ എന്ന ആൺക്കുട്ടി, തസ്ക്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ്, ഡിക്ടറ്റീവ്, ഡോൾസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അച്ഛൻ: സുരേഷ്, അമ്മ: അംബിക. സഹോദരൻ: എബി സുരേഷ്.
Most Read: ചാരവൃത്തി; മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി