ലളിത സുന്ദരമീ വിടവാങ്ങൽ; കരിയർ അവസാനിപ്പിച്ച് സാനിയ മിർസ

വിരമിക്കൽ ചാമ്പ്യൻഷിപ്പായ ദുബായ് മാസ്‌റ്റേഴ്‌സ് ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ റഷ്യയുടെ വെറോണിക്ക കുദേർമിറ്റോവ്-ല്യുഡ്‌മില സാംസനോവ് സഖ്യത്തോട് തോൽവി ഏറ്റുവാങ്ങിയായിരുന്നു സാനിയയുടെ പടിയിറക്കം.

By Trainee Reporter, Malabar News
sania mirza,
Ajwa Travels

ദുബായ്: ആരവങ്ങളും ആർപ്പുവിളികളും ഇല്ലാതെ ഒരു വിടവാങ്ങൽ. കായികലോകം ഒട്ടും പ്രതീക്ഷിക്കാത്ത യാത്രയയപ്പാണ് ഇന്ത്യൻ ടെന്നിസ് ഇതിഹാസ താരമായ സാനിയ മിർസക്ക് നൽകേണ്ടി വന്നത്. വിരമിക്കൽ ചാമ്പ്യൻഷിപ്പായ ദുബായ് മാസ്‌റ്റേഴ്‌സ് ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ റഷ്യയുടെ വെറോണിക്ക കുദേർമിറ്റോവ്-ല്യുഡ്‌മില സാംസനോവ് സഖ്യത്തോട് തോൽവി ഏറ്റുവാങ്ങിയായിരുന്നു സാനിയയുടെ പടിയിറക്കം.

കോർട്ടിൽ നിന്ന് പടിയിറങ്ങുമ്പോൾ സഹതാരം മാഡിസൺ കീസിനെ ചേർത്ത് പിടിച്ചൊരു ആശ്ളേഷം മാത്രം. ഏറ്റവും ലളിതസുന്ദരമായൊരു പടിയിറക്കത്തിനാണ്  കായികലോകം സാക്ഷ്യം വഹിച്ചത്. ഇതോടെ, ടെന്നിസ് കായിക ലോകത്തിന് ഒരു യുഗാന്ത്യം കുറിക്കപ്പെടുകയാണ്. ഒരു തലമുറയെ ടെന്നിസ് എന്ന സ്വപ്‌നം കാണാൻ പഠിപ്പിച്ച അമൂല്യ പ്രതിഭയാണ് സാനിയ മിർസ. 20 വർഷം നീണ്ട കരിയർ അവസാനിക്കുമ്പോൾ, ടെന്നിസ് കോർട്ടിൽ ഇതിഹാസ തുല്യമായൊരു കളിക്കാലം കൂടി അവസാനിക്കുകയാണ്.

കഴിഞ്ഞ മാസം ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സ്‌ഡ് ഡബിൾസ് ഫൈനലോടെ ഗ്രാൻസ്‌ലാം ടെന്നിസിനോട് വിടചൊല്ലിയ സാനിയക്ക് മെൽബണിൽ ആരാധകർ ആഘോഷപൂർവമായ വിടചൊല്ലൽ നൽകിയിരുന്നു. പ്രൊഫഷനൽ ടെന്നിസിന്റെ തന്റെ ആദ്യ പങ്കാളി ആയിരുന്ന ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പമാണ് സാനിയ അന്ന് മൽസരിച്ചത്. എന്നാൽ, ഔദ്യോഗിക വിരമിക്കലിനായി തന്റെ രണ്ടാം വീടായ ദുബായ് ആണ് സാനിയ തിരഞ്ഞെടുത്തത്.

2003ൽ പ്രൊഫഷനൽ ടെന്നീസിൽ അരങ്ങേറിയ സാനിയ വനിതാ ടെന്നിസിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരമാണ്. 2009ൽ തന്റെ 23ആം വയസിൽ മഹേഷ് ഭൂപതിക്കൊപ്പം ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ മിക്‌സ്‌ഡ് ഡബിൾസ് കിരീടം ചൂടിയാണ് സാനിയ മിർസ ഇന്ത്യൻ ആരാധകരുടെ മനസിൽ ചേക്കേറിയത്.

സാനിയ മിർസ, മഹേഷ് ഭൂപതി (ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ മിക്‌സഡ് ഡബിൾസ് കിരീടം ചൂടിയപ്പോൾ)

ഗ്രാൻസ്‌ലാം ടെന്നിസിൽ മൂന്ന് വീതം മിക്‌സ്‌ഡ് ഡബിൾസ്, വനിതാ ഡബിൾസ് കിരീടങ്ങളാണ് സാനിയ നേടിയത്. 2010ൽ പാകിസ്‌ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിനെ വിവാഹം കഴിച്ചു. 2018ൽ കുഞ്ഞു പിറന്നതിന് ശേഷം കോർട്ടിൽ നിന്നും വിട്ടുനിന്ന സാനിയ 2020ൽ ആണ് തിരിച്ചു വന്നത്. തിരിച്ചു വരവിൽ ഹൊബാർട്ട് ഇന്റർനാഷണൽ കിരീടം ചൂടി. തുടർന്നായിരുന്നു ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനൽ ഉൾപ്പടെയുള്ള നേട്ടങ്ങൾ.

നാഴികക്കല്ലുകൾ

1. ഏഷ്യൻ ജൂനിയർ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി (2002). ജൂനിയർ ഡബിൾസിൽ ലോക റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനത്ത്‌ എത്തുന്ന ആദ്യ ഇന്ത്യക്കാരി (2003)

2. ഗ്രീൻസ്‌ലാം കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരി. 2003ൽ വിമ്പിൾഡൺ (ജൂനിയർ വിഭാഗം) പെൺകുട്ടികളുടെ ഡബിൾസിൽ റഷ്യയുടെ അലിസ ക്ളിയയ്‌ക്കൊപ്പം കിരീടം.

3. ഡബ്‌ളൂടിഎ ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി. 2004ൽ ഹൈദരാബാദ് ഓപ്പണിലെ വനിതാ ഡബിൾസിൽ ദക്ഷിണാഫ്രിക്കക്കാരി ലീസൽ ഹ്യൂബറിനൊപ്പം.

4. ഡബ്‌ളൂടിഎ ടൂർ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരി. (2005 ഹൈദരാബാദ് ഓപ്പൺ). ഇതോടെ പ്രൊഫഷനൽ ടൂർ ടൂർണമെന്റ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരവുമായി.

5. ഗ്രാൻസ്‌ലാം ടെന്നീസ് ചരിത്രത്തിൽ ഫൈനലിൽ കടന്ന ആദ്യ ഇന്ത്യക്കാരി. 2008 ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സ്‌ഡ് ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം ഫൈനലിലെത്തി.

6. ഗ്രാൻസ്‌ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത. 2009ൽ മഹേഷ് ഭൂപതിക്കൊപ്പം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം.

7. ഡബിൾസ് ലോക റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനത്ത്‌. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിത(2015)

സാനിയ മിർസ 2015ൽ ഖേൽ രത്‌ന പുരസ്‌കാരം ഏറ്റുവാങ്ങുന്നു

പ്രധാന അംഗീകാരങ്ങൾ

ടൈം മാസികയുടെ ഏഷ്യയിലെ 50 ഹീറോകളുടെ പട്ടികയിൽ: 2005

ഡബ്‌ളൂടിഎയുടെ മികച്ച പുതുമുഖ താരം: 2006

ടൈം മാസികയുടെ ലോകത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 പേരിൽ: 2016

പുരസ്‌കാരങ്ങൾ

അർജുന അവാർഡ് (2004), പത്‌മശ്രീ(2006), ഖേൽ രത്‌ന (2015), പത്‌മഭൂഷൺ (2016)

Most Read: കോടതി ഉത്തരവ് പ്രാദേശിക ഭാഷയിൽ; മലയാളത്തിൽ വിധി എഴുതി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE