പാലക്കാട് : ഭാരതപ്പുഴയിൽ മായന്നൂർ പാലത്തിന് സമീപത്തായുള്ള പുൽക്കാടുകളിൽ തീപിടുത്തം ഉണ്ടായ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ഒറ്റപ്പാലം റയിൽവേ ട്രാക്കിന് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ തീപിടുത്തം ഉണ്ടായത്. തുടർന്ന് സംഭവസ്ഥലത്ത് വനപാലകർ നടത്തിയ തിരച്ചിലിനിടെയാണ് യുവാവിനെ കണ്ടെത്തിയത്. ഇയാളെ പൊലീസിന് കൈമാറിയിട്ടുണ്ട്.
മായന്നൂർപാലത്തിന് താഴെയായി വേനൽകാലത്ത് കിളികളുടെ ആവാസകേന്ദ്രമായ സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. ഇതേ ഭാഗത്ത് ഇതിനോടകം തന്നെ നിരവധി തവണ തീപിടുത്തം ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നിൽ സാമൂഹിക വിരുദ്ധരായ ആളുകളാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. രാത്രി സമയങ്ങളിൽ ഇവർ പുൽക്കാടുകൾക്ക് തീയിടുന്നതായാണ് പോലീസ് സംശയിക്കുന്നത്. തുടർന്നാണ് ഇപ്പോൾ സംശയാസ്പദമായി സാഹചര്യത്തിൽ ഒരാൾ അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം തീപിടുത്തം ഉണ്ടായതോടെ ഷൊർണൂരിൽ നിന്നും അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. വാഹനം കടന്നുചെല്ലാത്ത സ്ഥലമായതിനാൽ അഗ്നിശമന സേനാംഗങ്ങൾ തീ തല്ലിക്കെടുത്തിയാണ് കൂടുതൽ പടരുന്നത് തടഞ്ഞത്. നിലവിൽ വേനൽ കാലമടുത്തതോടെ നീരൊഴുക്ക് കുറഞ്ഞ് മണൽപ്പരപ്പ് വെളിവായ പുഴയുടെ പരിസരം സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്ന് കടുത്ത ആക്ഷേപം ഉയരുന്നുണ്ട്. തീപിടുത്തത്തിന് കാരണവും ഇവരാണെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തിൽ മായന്നൂർപ്പാലത്തിലും പുഴയിലും പോലീസ് പട്രോളിങ് കർശനമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Read also : മാലിന്യ മുക്ത നഗരങ്ങൾ ലക്ഷ്യം; സ്വച്ഛ് ഭാരത് 2.0 ഉടൻ







































