നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിനിടെ വെടിക്കെട്ട് അപകടത്തിൽ 154 പേർക്ക് പരിക്ക്. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ അർധരാത്രിയോടെയാണ് അപകടം. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരമായി പരിക്കേറ്റവർ പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ മിംസ് എന്നിവിടങ്ങളിൽ ചികിൽസയിലാണ്. ക്ഷേത്രത്തിലെ കളിയാട്ടം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തീപടർന്നതോടെ ചിതറിയോടുന്നതിനിടെയാണ് തിക്കിലും തിരക്കിലുംപെട്ട് പലർക്കും പരിക്കേറ്റത്. സംഭവത്തിൽ ക്ഷേത്ര പ്രസിഡണ്ടിനെയും സെക്രട്ടറിയേയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വടക്കൻ മലബാറിലെ ആദ്യം തെയ്യം ഈ ക്ഷേത്രത്തിലാണ്. ഒരുകിലോമീറ്റർ അകലെ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. ചൈനീസ് പടക്കങ്ങളാണ് പൊട്ടിച്ചത്. ഇന്ന് പൊട്ടിക്കാനുള്ള നാടൻ പടക്കങ്ങളിലേക്ക് തീപ്പൊരി വീണാണ് സ്ഫോടനം ഉണ്ടായത്. അതേസമയം, വെടിക്കെട്ടിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് കളക്ടർ ഇ ഇമ്പശേഖരൻ പറഞ്ഞു.
പടക്കം സൂക്ഷിച്ചതിന് അടുത്ത് തന്നെയാണ് വെടിക്കെട്ട് നടത്തിയത്. മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല. കസ്റ്റഡിയിൽ എടുത്തവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കളക്ടർ പറഞ്ഞു. പടക്കം സൂക്ഷിച്ച സ്ഥലത്ത് തീപ്പൊരി വീണാണ് സ്ഫോടനം ഉണ്ടായതെന്ന് ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ പറഞ്ഞു.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്ടീരിയ നിങ്ങളെ ഇല്ലാതാക്കും!








































