കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ് ബാബു വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നതിൽ അവ്യക്തത. മുൻകൂർ ജാമ്യഹരജിക്കൊപ്പം പ്രതിഭാഗം ഹാജരാക്കിയ വിമാനടിക്കറ്റ് പ്രകാരം ഇന്നാണ് വിജയ് ബാബു മടങ്ങിയെത്തേണ്ടത്.
എന്നാൽ, ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള ഈ വിമാനടിക്കറ്റ് റദ്ദാക്കിയതായാണ് പോലീസിന് ലഭിച്ച വിവരം. മുൻകൂർ ജാമ്യം ലഭിക്കാനുള്ള തന്ത്രമായിരുന്നു വിമാനടിക്കറ്റെന്നാണ് പോലീസിന്റെ നിഗമനം. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ റിപ്പോർട്.
വിജയ് ബാബുവിനെ കൊച്ചിയിൽ എത്തിയാലുടൻ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു നേരത്തെ അറിയിച്ചിരുന്നു. 30ന് കൊച്ചിയിൽ എത്തിയാൽ ഉടൻ അറസ്റ്റ് ചെയ്ത് വിജയ് ബാബുവിനെ കോടതിയിൽ ഹാജരാക്കും. കോടതി നിർദ്ദേശം കൂടി പരിഗണിച്ചാകും തുടർനടപടികൾ എന്നും കമ്മീഷണർ വ്യക്തമാക്കിയിരുന്നു.
അതേസമയം, വിജയ് ബാബുവിന് ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതി ജാമ്യവ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും അതിജീവിത പറഞ്ഞു. എവിടെയായാലും അറസ്റ്റ് അനിവാര്യമെന്ന് സർക്കാറും ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. ഈ മാസം 30ന് വിജയ് ബാബു കേരളത്തിലേക്ക് വന്നില്ലെങ്കിൽ ജാമ്യാപേക്ഷ തള്ളുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
Most Read: അറ്റുപോയ വിരലുകളുമായി കുട്ടി ചികിൽസക്ക് കാത്തുനിന്നത് 36 മണിക്കൂർ; ഗുരുതര വീഴ്ച








































