60 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ജീവനക്കാരുടെ യൂണിഫോമിൽ വമ്പൻ മാറ്റം വരുത്തി എയർ ഇന്ത്യ. പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും യൂണിഫോമിലാണ് എയർ ഇന്ത്യ മാറ്റം വരുത്തിയിരിക്കുന്നത്. പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ് പുതിയ യൂണിഫോം രൂപകൽപ്പന ചെയ്തത്.
എയർലൈനിലെ കാബിൻ ക്രൂ അംഗങ്ങളായ വനിതകൾ മോഡേൺ രീതിയിലുള്ള ഓംബ്രെ സാരിയും പുരുഷൻമാർ ബന്ദ്ഗാലയും ധരിക്കും. കറുത്ത നിറത്തിലുള്ള സ്യൂട്ടുകളാണ് പൈലറ്റുമാർക്ക് ഒരുക്കിയത്.
‘പൈലറ്റിന്റേയും ക്യാബിൻ ക്രൂവിന്റെയും പുതിയ യൂണിഫോം ഞങ്ങൾ പുറത്തുവിടുന്നു. എയർ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെ അടയാളവും ശോഭനമായ ഭാവിയുടെ വാഗ്ദാനവുമാണ് ഈ വസ്ത്രങ്ങൾ. ഇന്ത്യയിലെ പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്ര വിഭാവനം ചെയ്ത ഈ യൂണിഫോമുകളിൽ ചുവപ്പ്, ഡാർക്ക് പർപ്പിൾ, ഗോൾഡൻ എന്നീ നിറങ്ങളാണ് ചേരുന്നത്. ഇവ ആത്മവിശ്വാസമുള്ളതും ഊർജസ്വലവുമായ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു’- പുതിയ യൂണിഫോം ചിത്രം പങ്കുവെച്ചു എയർലൈൻ എക്സിൽ കുറിച്ചു.
വസ്ത്രത്തിൽ എയർ ഇന്ത്യയുടെ പുതിയ ലോഗോയായ വിസ്തയും ചേർത്തിട്ടുണ്ട്. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350ന്റെ സർവീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാർ പുതിയ യൂണിഫോമിലേക്ക് മാറുക. എയർ ഇന്ത്യയുടെ യൂണിഫോം രൂപകൽപ്പന ചെയ്യാനുള്ള അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഡിസൈനർ മനീഷ് മൽഹോത്ര പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യവും സത്തയും ഉൾക്കൊള്ളുന്ന വസ്ത്രം ഡിസൈൻ ചെയ്യാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
National| ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിവെച്ചു സുപ്രീം കോടതി; കേന്ദ്രത്തിന് ആശ്വാസം








































