കല്‍പ്പറ്റ: വയനാട്ടിൽ ടി സിദ്ദിഖിനെ മൽസരിപ്പിക്കുന്നതിന് എതിരെ വയനാട് ഡിസിസി മുന്‍ അധ്യക്ഷന്‍ പിവി ബാലചന്ദ്രന്. വയനാട്ടുകാര്‍ക്ക് സിദ്ദിഖിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കാൻ സാധിക്കില്ലെന്നും വയനാട്ടുകാരെ അപമാനിക്കുന്ന തരത്തില്‍ ചില പരാമര്‍ശങ്ങള്‍ നേരത്തെ സിദ്ദിഖ് നടത്തിയിട്ടുണ്ടെന്നും ബാലചന്ദ്രന് ആരോപിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ അർഹതയുള്ള സ്ഥാനാർഥികൾ വയനാട്ടിൽ ഇല്ല എന്നുള്ള സിദ്ദിഖിന്റെ പരാമര്‍ശം തെറ്റാണ്. വയനാട്ടില്‍ അര്‍ഹതപ്പെട്ട നിരവധി നേതാക്കള്‍ ഉണ്ടെന്ന കാര്യം സിദ്ദിഖ് ഓര്‍ക്കണമായിരുന്നു. സിദ്ദിഖ് കെഎസ്യു കാണുന്നതിന് മുന്‍പേ യോഗ്യരായ നിരവധി നേതാക്കള്‍ ഉണ്ട്. അവര്‍ ഇപ്പോഴും അവിടെയുണ്ട്. വയനാട് ഡിസിസിയോടുള്ള അവഹേളനമാണ് സിദ്ദിഖ് നടത്തിയത്; ബാലചന്ദ്രന് പറഞ്ഞു.
ജില്ലക്ക് പുറത്തുള്ളവരെ വയനാട്ടിലേക്ക് വേണ്ടെന്നും ഇക്കാര്യം പലതവണ കെപിസിസിയെ അറിയിച്ചിരുന്നു എന്നും ബാലചന്ദ്രന് പറഞ്ഞു. അതേസമയം, കല്‍പ്പറ്റയില്‍ അല്ലാതെ മറ്റൊരു മണ്ഡലത്തില്‍ മൽസരിക്കാന്‍ താന്‍ തയ്യാറല്ല എന്നാണ് സിദ്ദിഖിന്റെ നിലപാട്.
Read also: എംവി ശ്രേയാംസ്കുമാറിന്റെ പ്രചാരണങ്ങൾക്ക് റോഡ് ഷോയോടെ തുടക്കം







































