കോഴിക്കോട്: കായത്തൊടിയില്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി. കൂട്ട ബലാൽസംഗത്തിന് ശേഷവും പ്രതികൾ ജാനകിക്കാട്ടിൽ വെച്ച് ഈ മാസം 16ന് പീഡിപ്പിച്ചിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കേസിൽ തൊട്ടിൽപ്പാലം സ്വദേശിയെ കൂടി പോലീസ് കസ്‌റ്റഡിയിൽ എടുത്തു. അതേസമയം, കേസിൽ നേരത്തെ അറസ്‌റ്റിലായ പ്രതി രാഹുലിനെതിരെ പുതിയ കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു.
കേസിലെ നാല് പ്രതികളെ ഇന്നലെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയാണ് പ്രതികളായ കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരെ റിമാൻഡ് ചെയ്‌തത്. പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി. വടകര റൂറൽ എസ്‌പി എ ശ്രീനിവാസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
ഈ മാസം മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം. കുറ്റ്യാടി സ്വദേശിയായ 17 വയസുകാരിയാണ് പരാതി നല്‍കിയത്. ജാനകിക്കാട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്ന് പെൺകുട്ടി പോലീസിന് മൊഴി നല്‍കി. പെൺകുട്ടിയെ വിനോദ യാത്രക്കെന്ന് പറഞ്ഞ് സുഹൃത്ത് വിളിച്ചു വരുത്തുകയായിരുന്നു. പെൺകുട്ടിയെ ആരുമില്ലാത്ത കാട്ടിലെത്തിച്ച് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് മൂന്ന് സുഹൃത്തുക്കളും പെൺകുട്ടിയെ ബലാൽസംഗം ചെയ്‌തു.
പീഡന വിവരം പുറത്തറിയിച്ചാൽ കൊലപ്പെടുത്തുമെന്ന് പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് നൽകിയതിനാൽ പെൺകുട്ടി ഏറെ നേരം ബോധരഹിതയായിരുന്നു. ബോധം വന്ന ശേഷം ബന്ധുവിന്റെ വീട്ടിൽ പെൺകുട്ടിയെ ഇറക്കിവിട്ടു. പെൺകുട്ടി പീഡന വിവരം വീട്ടുകാരെ അറിയിച്ചതോടെയാണ് പോലീസ് പ്രതികളെ പിടികൂടിയത്. പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
Most Read: മൊഴിയിൽ അതൃപ്‌തി; നടി അനന്യ പാണ്ഡെയെ വീണ്ടും ചോദ്യം ചെയ്യും








































