ന്യൂഡെൽഹി: കോവിഷീൽഡ് വാക്‌സിന്റെ ഇടവേള കൂട്ടണമെന്ന് വിദഗ്‌ധ സമിതി. രണ്ടാമത്തെ ഡോസ് കോവിഷീൽഡ് വാക്‌സിൻ 12 മുതൽ 16 ആഴ്‌ചക്കിടയിൽ എടുത്താൽ മതിയെന്നാണ് ശുപാർശ. രണ്ടാമത്തെ ഡോസ് 6 മുതൽ 8 ആഴ്‌ചക്കിടയിൽ എടുക്കാമെന്നാണ് നേരത്തെ നിർദ്ദേശിച്ചിരുന്നത്. അതേസമയം, കൊവാക്‌സിൻ ഡോസുകളുടെ ഇടവേളയിൽ മാറ്റമില്ല.
കോവിഡ് മുക്‌തരായവർ 6 മാസത്തിന് ശേഷമേ വാക്‌സിൻ എടുക്കേണ്ടതുള്ളു. നിലവിൽ രോഗ മുക്‌തി നേടിയവർ 12 ദിവസത്തിന് ശേഷം വാക്‌സിൻ സ്വീകരിക്കാം എന്നായിരുന്നു മാർഗരേഖ.
പ്ളാസ്‌മ ചികിൽസക്ക് വിധേയരായവർ 12 ആഴ്‌ചക്ക് ശേഷം വാക്‌സിൻ സ്വീകരിച്ചാൽ മതി. ഗുരുതരമായ അസുഖങ്ങൾ ഉണ്ടായിരുന്നവർ രോഗ മുക്‌തി നേടി 4 മുതൽ 8 ആഴ്‌ചക്കകം വാക്‌സിൻ സ്വീകരിച്ചാൽ മതിയെന്നും വിദഗ്‌ധ സമിതി നിർദ്ദേശിച്ചു.
ഗർഭിണികൾക്ക് ആവശ്യമെങ്കിൽ വാക്‌സിൻ സ്വീകരിക്കാം. ഇക്കാര്യത്തിൽ ഗർഭിണികൾക്ക് സ്വയം തീരുമാനമെടുക്കാം. പ്രസവത്തിന് ശേഷം മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സിൻ സ്വീകരിക്കാമെന്നും സമിതി ശുപാർശ ചെയ്‌തു.
നീതി ആയോഗ് അംഗം വികെ പോൾ അധ്യക്ഷനായ നാഷണൽ എക്‌സ്‌പെർട് ഗ്രൂപ്പ് ഓൺ വാക്‌സിൻ അഡ്‌മിനിസ്‌ട്രേഷനാണ് ഇക്കാര്യങ്ങളിൽ ശുപാർശ നൽകിയത്. ശുപാർശയിൽ കേന്ദ്ര സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും.
Read also: പ്രായം തളർത്താത്ത നിശ്‌ചയദാർഢ്യം; കോവിഡ് ബാധിച്ച 110കാരന് രോഗമുക്‌തി







































