മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. ട്വന്റി20 ലോകകപ്പിന് പിന്നാലെ രാഹുൽ ദ്രാവിഡ് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. ബിസിസിഐ സെക്രട്ടറി ജയ് ഷാ എക്‌സ് പ്ളാറ്റുഫോമിലാണ് ഗൗതം ഗംഭീർ ടീമിനൊപ്പം ചേരുന്ന വിവരം പ്രഖ്യാപിച്ചത്. ശ്രീലങ്കൻ പര്യടനത്തിൽ ഗംഭീർ ടീമിനെ പരിശീലിപ്പിക്കും.
ഗൗതം ഗംഭീറിനെ ഇന്ത്യൻ ഗംഭീറെന്ന് ജയ് ഷാ പ്രതികരിച്ചു. ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഞാൻ സന്തോഷത്തോടെ സ്വാഗതം ചെയ്യുകയാണ്. ആധുനിക ക്രിക്കറ്റ് അതിവേഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങൾ അടുത്തറിഞ്ഞ ആളാണ് ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ടുകൊണ്ടുപോകാൻ ഗൗതം ഗംഭീറിന് സാധിക്കുമെന്ന് എനിക്ക് ആൽമവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗ് ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റർ സ്‌ഥാനം രാജിവെച്ചാണ് ഗംഭീർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാനെത്തുന്നത്. ചുമതലയേറ്റെടുത്ത് ആദ്യ സീസണിൽ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഐപിഎൽ ചാമ്പ്യൻമാരാക്കാൻ ഗംഭീറിന് സാധിച്ചിരുന്നു. കൊൽക്കത്തയിൽ എത്തുന്നതിന് മുൻപ് ലഖ്‌നൗ സൂപ്പർ ജയന്റ്സ് മെന്ററായും ഗൗതം പ്രവർത്തിച്ചിട്ടുണ്ട്.
42-കാരനായ ഗൗതം ആദ്യമായാണ് ഒരു ടീമിന്റെ പരിശീലകനാകുന്നത്. 2003 ഏപ്രിൽ 11ന് ബംഗ്ളാദേശിനെതിരെ ഏകദിന മൽസരം കളിച്ചാണ് ഗംഭീർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 2016ൽ ഇംഗ്ളണ്ടിനെതിരായ ടെസ്‌റ്റ് മൽസരത്തിൽ കളിച്ച് കരിയർ അവസാനിപ്പിച്ചു. 2011ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഡെൽഹിയുടെ താരമായിരുന്നു. ഇന്ത്യക്കായി 58 ടെസ്‌റ്റുകളും 147 ഏകദിന മൽസരങ്ങളും 37 ട്വന്റി20 മൽസരങ്ങളും കളിച്ചിട്ടുണ്ട്.
Most Read| പിഎസ്‌സി കോഴ ആരോപണം; നടപടിയെടുക്കാൻ സിപിഎം ജില്ലാ നേതൃത്വത്തിന് നിർദ്ദേശം